
വാഷിംഗ്ടൺ: കണക്റ്റിക്കട്ടിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫിയെ (53) സ്ട്രോക്കിനെ (പക്ഷാഘാതം) തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. മകന്റെ ഹോക്കി കളി കാണുന്നതിനിടെയാണ് മർഫിക്ക് കൈയിൽ തരിപ്പ് അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയും, പരിശോധനയിൽ സ്ട്രോക്ക് ആണെന്ന് കണ്ടെത്തുകയുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് അലിസൺ ഹെർവിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
വിദഗ്ധ പരിചരണങ്ങൾക്കായി അദ്ദേഹത്തെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും പൂർണ്ണ ആരോഗ്യവാനായി മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അലിസൺ കൂട്ടിച്ചേർത്തു.
2013 മുതൽ കണക്റ്റിക്കട്ടിനെ പ്രതിനിധീകരിക്കുന്ന സെനറ്ററാണ് ക്രിസ് മർഫി. അതിനുമുമ്പ് മൂന്ന് തവണ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് അംഗമായിരുന്നു. വരാനിരിക്കുന്ന 2028-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള വ്യക്തിയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം രാജ്യത്തുടനീളം സജീവമായി പ്രചാരണം നടത്തിയിരുന്നു.
US Senator Chris Murphy suffers a stroke; hospitalized.















