
സാൻ ഫ്രാൻസിസ്കോ: പൊതുജനസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാലിഫോർണിയയിലെ സംസ്ഥാന ഹൈവേകളിൽ (ഫ്രീവേ) വേമോ റോബോടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തി. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നവംബർ 11 മുതലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്.
ഈ മാസം സാൻ ഫ്രാൻസിസ്കോ മേഖലയിലെ ഒരു ഹൈവേയിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഹൈവേ പട്രോൾ ഉദ്യോഗസ്ഥരെ മറികടക്കാൻ വേമോയുടെ ഡ്രൈവറില്ലാ വാഹനം ശ്രമിച്ചതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്. കൂടാതെ, മറ്റൊരു ഹൈവേയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അടച്ചിട്ടിരുന്ന ഭാഗത്തേക്ക് വേമോയുടെ മൂന്ന് വാഹനങ്ങൾ കടന്നുകയറിയ സംഭവവും വകുപ്പ് ഗൗരവമായി കണ്ടു.
നിർമ്മാണ തൊഴിലാളികളും ഉപകരണങ്ങളും ഉള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ തുടർച്ചയായി അതിക്രമിച്ചു കയറുന്നത് പൊതുജനങ്ങളുടെ ജീവന് അപകടമാണെന്ന് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യവും സമാനമായ സുരക്ഷാ വീഴ്ചകളെ തുടർന്ന് കമ്പനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുന്നത് വരെ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, നിർമ്മാണ മേഖലയിലുണ്ടായ സംഭവങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് വേമോ പ്രസ്താവനയിൽ വ്യക്തമാക്കി. അധികൃതരുടെ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്നും, കമ്പനി പ്രവർത്തിക്കുന്ന മറ്റ് നഗരങ്ങളിലും താൽക്കാലികമായി സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു. സുരക്ഷിതമായി ഹൈവേ സർവീസുകൾ പുനരാരംഭിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വേമോ 2024-ലാണ് സാൻ ഫ്രാൻസിസ്കോയിൽ ഡ്രൈവറില്ലാ ടാക്സികൾ അവതരിപ്പിച്ചത്. നിലവിൽ അമേരിക്കയിലെ പന്ത്രണ്ടിലധികം നഗരങ്ങളിൽ ഇവ സർവീസ് നടത്തുന്നുണ്ട്.
Driverless taxis pose a safety threat; Waymo banned from California highways amid reports of recurring legal violations.















