പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; ഇറാൻ്റെ ഖ്വേഷം ദ്വീപിൽ യുഎസ് വ്യോമാക്രമണം; സ്വയംരക്ഷാർത്ഥമുള്ള നടപടിയെന്ന് വിശദീകരണം

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലുള്ള ഇറാന്റെ തന്ത്രപ്രധാനമായ ഖ്വേഷം ദ്വീപിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) മിസൈൽ കേന്ദ്രത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. സ്വയംരക്ഷാർത്ഥമാണ് കൃത്യതയാർന്ന ഈ ആക്രമണം നടത്തിയതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മേഖലയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെയും സൈനിക സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഐആർജിസി നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ തിരിച്ചടിയെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മേഖലയിലെ അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് അതീവ ജാഗ്രതയോടെയും പൂർണ്ണ സജ്ജമായും നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിലെ യുഎസ് റഡാർ കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് അമേരിക്കയുടെ ഈ സൈനിക നടപടി. ഇറാന്റെ ആക്രമണങ്ങളെ വിജയകരമായി തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മൂന്നാമത്തെ ആക്രമണ ശ്രമമായിരുന്നു ഇത്. ഇവയെല്ലാം പ്രതിരോധിച്ചതായി അമേരിക്ക വ്യക്തമാക്കി.

അതേസമയം, ഖ്വേഷം ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ ജനവാസ മേഖലകൾക്കോ, വാണിജ്യ കേന്ദ്രങ്ങൾക്കോ, അടിസ്ഥാന സൗകര്യങ്ങൾക്കോ യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ഡെപ്യൂട്ടി പ്രവിശ്യാ ഗവർണർ അഹമ്മദ് നഫീസിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

The U.S. carried out an attack on Qeshm, an Iranian island in the Strait of Hormuz.

More Stories from this section

family-dental
witywide