വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ ഉൾപ്പെട്ട ദീർഘകാല വിന്യാസത്തിനിടെ യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ സംഘത്തിലെ എട്ട് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ. കോൺഗ്രസിന് നൽകിയ കത്തിലാണ് കാവോ ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോർക്ക് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കാവോയുടെ വെളിപ്പെടുത്തൽ. എന്നാൽ വിന്യാസത്തിനിടെ ആത്മഹത്യയെ തുടർന്ന് ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനവാഹിനിക്കപ്പലിൽ മാത്രം സേവനമനുഷ്ഠിച്ചിരുന്നവരല്ല ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലിങ്കൺ സംഘത്തിലെ വിമാനവിഭാഗം, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്ട്രോയർ സ്ക്വാഡ്രൺ, അകമ്പടി കപ്പലുകൾ എന്നിവിടങ്ങളിലെ ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം അര ഡസനോളം കപ്പലുകളിലായി 6,000 മുതൽ 7,000 വരെ നാവികരാണ് സംഘത്തിലുണ്ടായിരുന്നത്. സമീപകാല വിമാനവാഹിനിക്കപ്പൽ സംഘങ്ങളുടെ വിന്യാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് ആത്മഹത്യാശ്രമങ്ങൾ അസാധാരണമായി ഉയർന്ന നിരക്കാണെന്ന് ഒരു യുഎസ് സൈനിക ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു.
യുദ്ധനടപടികളുടെ സമ്മർദം, തുറമുഖ സന്ദർശനങ്ങളുടെ അഭാവം, നിരന്തര ജാഗ്രത എന്നിവ നാവികർക്ക് വലിയ സമ്മർദമുണ്ടാക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വിന്യാസത്തിനിടെ നാവികർക്കായി സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സോഷ്യൽ വർക്കർ, ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യൻമാർ തുടങ്ങിയ മാനസികാരോഗ്യ വിദഗ്ധരും ഉൾപ്പെടെയുള്ള സഹായ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെന്ന് കാവോ വ്യക്തമാക്കി. നാവികർ കടലിൽ വീണതും കടലിലേക്ക് ചാടാൻ ശ്രമിച്ചതുമായ സംഭവങ്ങളും ഉണ്ടായതായി കാവോയുടെ കത്തിൽ പറയുന്നു. ഓഗസ്റ്റിൽ വിമാനവിഭാഗത്തിലെ ഒരു നാവികൻ കടലിൽ വീണെങ്കിലും ഉടൻ രക്ഷപ്പെടുത്തി. മാർച്ചിൽ മറ്റൊരു നാവികൻ കടലിലേക്ക് ചാടാൻ ശ്രമിച്ചെങ്കിലും സഹപ്രവർത്തകർ തടഞ്ഞു.
ലിങ്കൺ സംഘത്തിലെ രണ്ട് നാവികർ അടുത്തിടെ കടലിലേക്ക് ചാടിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തിയിരുന്നു. മറ്റ് ചില നാവികരെയും കടലിലേക്ക് ചാടുന്നതിൽ നിന്ന് സഹപ്രവർത്തകർ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, എബ്രഹാം ലിങ്കൺ കപ്പലിൽ മാനസികാരോഗ്യ പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ടുകൾ യുഎസ് നേവി നേരത്തെ നിഷേധിച്ചിരുന്നു. ആത്മഹത്യാ ചിന്തകളിലോ ആത്മഹത്യാശ്രമങ്ങളിലോ വർധനവ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു നേവിയുടെ നിലപാട്.
ദീർഘകാല വിന്യാസത്തിനിടെ കപ്പലിലെ അടിസ്ഥാന സൗകര്യങ്ങളെയും ഭക്ഷണ വിതരണത്തെയും കുറിച്ചും നാവികർ പരാതിപ്പെട്ടിരുന്നു. ശൗചാലയങ്ങളും കുടിവെള്ള സംവിധാനങ്ങളും പലപ്പോഴും പ്രവർത്തനരഹിതമായിരുന്നെന്നും ചൂടുവെള്ളം ലഭിക്കാത്ത സാഹചര്യങ്ങളുണ്ടായിരുന്നെന്നും ഒരു നാവികൻ സിഎൻഎന്നിനോട് പറഞ്ഞിരുന്നു. ഇറാനെതിരായ സൈനിക നടപടികൾക്കിടെ പതിവ് തുറമുഖ സന്ദർശനങ്ങൾ ഒഴിവാക്കേണ്ടിവന്നതും നാവികരുടെ സമ്മർദം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം ഒമ്പത് മാസം നീണ്ട വിന്യാസത്തിന് ശേഷം യുഎസ്എസ് എബ്രഹാം ലിങ്കൺ യുഎസിലേക്ക് മടങ്ങുകയാണ്.
Eight US Navy sailors in USS Abraham Lincoln strike group attempted suicide during Iran war deployment










