
പാരീസ്: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ പ്രശംസിച്ച് യൂറോപ്യൻ നേതാക്കൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി ‘പൂർണ്ണമായും തുറന്നുകൊടുത്തു’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയത്. വ്യാപാര കപ്പലുകളുടെ സുരക്ഷയ്ക്കായി പേർഷ്യൻ ഗൾഫിലേക്ക് സംയുക്ത നാവിക സേനയെ അയക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ തത്വത്തിൽ ധാരണയിലെത്തി.എന്നാൽ ഈ സുരക്ഷാ ദൗത്യത്തിൽ അമേരിക്കയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ യൂറോപ്യൻ നേതാക്കൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.
നിർദ്ദിഷ്ട സൈനിക നീക്കത്തിൽ നിന്ന് വാഷിംഗ്ടണിനെ ഒഴിവാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉറച്ചുപറയുമ്പോൾ, അമേരിക്കയുടെ പങ്കാളിത്തം താൻ ആഗ്രഹിക്കുന്നുവെന്നാണ് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വ്യക്തമാക്കിയത്. നിലവിലെ ചർച്ചകൾ പ്രോത്സാഹജനകമാണെങ്കിലും അതീവ ജാഗ്രതയോടെ മാത്രമേ ഇതിനെ കാണാൻ കഴിയൂ എന്ന് പാരീസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാക്രോൺ പറഞ്ഞു. കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പൽ ഗതാഗതവും അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ പൂർണ്ണമായ പാലനവും അദ്ദേഹം ആവശ്യപ്പെട്ടു.
കുതിച്ചുയരുന്ന ഊർജ്ജ വില എത്രയും വേഗം കുറയ്ക്കണമെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ആവശ്യപ്പെട്ടു. ഈ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും വലിയ വെല്ലുവിളിയാകാൻ അനുവദിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോക വിപണിയിൽ വില നിയന്ത്രിക്കാൻ ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ ഇരിക്കണമെന്നും കൂടുതൽ ചർച്ചകളിലൂടെ ശാശ്വതമായ ഒരു സമാധാന കരാറിലെത്തണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ആഗോള വിപണിയിലെ അനിശ്ചിതത്വം നീക്കാൻ ഈ വെടിനിർത്തൽ ഗുണകരമാകുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതീക്ഷ.














