ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ നിയന്ത്രണം; ഉപരോധം ശക്തമാക്കി യൂറോപ്യൻ യൂണിയൻ, ഗതാഗത സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്തതെന്ന് മുന്നറിയിപ്പ്

പാരീസ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിയമവിരുദ്ധമായി ഫീസ് ഈടാക്കുകയും ചെയ്യുന്ന ഇറാന്‍റെ നടപടികൾക്ക് മറുപടിയായി യൂറോപ്യൻ വിദേശകാര്യ മന്ത്രിമാർ പുതിയ ഉപരോധങ്ങൾക്ക് അംഗീകാരം നൽകി. സമുദ്രയാത്രാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിന് ഉത്തരവാദികളായ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം വ്യാപിപ്പിച്ചിരിക്കുന്നത്. ലക്സംബെർഗിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തതെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ കാജ കല്ലാസ് അറിയിച്ചു.കടലിടുക്കിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം ഒത്തുതീർപ്പുകൾക്ക് വിധേയമല്ലെന്ന് കാജ കല്ലാസ് വ്യക്തമാക്കി. “ഹോർമുസ് കടലിടുക്ക് ഓരോ ദിവസവും അടച്ചും തുറന്നുമുള്ള ഇറാന്‍റെ നിലപാടുകൾ അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഈ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും സൗജന്യമായിരിക്കണം,” അവർ കൂട്ടിച്ചേർത്തു. യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾക്കിടയിലും നിലനിൽക്കുന്ന അനിശ്ചിതത്വം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിലവിൽ ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.സുരക്ഷിതമായ യാത്രയ്ക്കായി ചില ടാങ്കറുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് കപ്പലുകൾ ഇത്തരത്തിൽ വലിയ തുക നൽകിയതായി മാർച്ച് 23-ലെ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് റിപ്പോർട്ടും ശരിവെക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇറാൻ്റെ ഈ നീക്കത്തിനെതിരെ ശക്തമായ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങളുമായി മുന്നോട്ട് പോകാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടികൾ ഇറാന് നേരിടേണ്ടി വരുമെന്നാണ് യൂറോപ്യൻ യൂണിയൻ നൽകുന്ന സൂചന. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്കയിലാണ്.

More Stories from this section

family-dental
witywide