ഐറിഷ് വിസ്കിക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 10% ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അയർലൻഡ് പ്രധാനമന്ത്രി മിഹോൾ മാർട്ടിനും നിരവധി ഗോൾഫ് താരങ്ങളും ഉൾപ്പെടെ പലരും തീരുവ ഒഴിവാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച അയർലൻഡിൽ നടന്ന ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ പങ്കെടുത്ത ട്രംപ്, ടൂർണമെന്റിൽ വിജയിച്ച ഐറിഷ് താരം ഷെയ്ൻ ലോറിയുടെ ട്രോഫി വിതരണ ചടങ്ങിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
“ഇത് ചെയ്യണമെന്ന് എല്ലാവരും എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാൽ അമേരിക്കൻ ജനതയുടെ പേരിൽ ഐറിഷ് വിസ്കിയുടെ തീരുവ ഒഴിവാക്കുകയാണെന്ന് ഞാൻ പറയുകയാണ്,” ട്രംപ് പറഞ്ഞു. പ്രഖ്യാപനം കേട്ടതോടെ കാണികൾ ആഹ്ലാദപ്രകടനവും കൂക്കിവിളികളും നടത്തി. എന്നാൽ തീരുവ എപ്പോൾ ഒഴിവാക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ തീയതി ട്രംപ് പ്രഖ്യാപിച്ചിട്ടില്ല.
അയർലൻഡ് പ്രധാനമന്ത്രി മിഹോൾ മാർട്ടിനും നിരവധി ഗോൾഫ് താരങ്ങളും ഇക്കാര്യം തന്നോട് ഉന്നയിച്ചിരുന്നുവെന്നും ഷെയ്ൻ ലോറിയും തീരുവ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഭൂരിഭാഗം ഇറക്കുമതികൾക്കും ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള സാധാരണ തീരുവയാണ് നിലവിൽ ഐറിഷ് വിസ്കിക്കും ബാധകമായിരിക്കുന്നത്. ജൂലൈയിൽ ഇത് 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു.
ഏപ്രിലിൽ ബ്രിട്ടനിൽ നിന്നുള്ള ചില വിസ്കി ഉൽപന്നങ്ങളുടെ തീരുവ ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ വ്യാപാര അസന്തുലിതാവസ്ഥയ്ക്കും പുതിയ തീരുമാനം പരിഹാരമാകും. സ്കോച്ച് വിസ്കിക്കും വടക്കൻ അയർലൻഡിൽ നിർമിക്കുന്ന സ്പിരിറ്റുകൾക്കും ഈ ഇളവ് ബാധകമായിരുന്നെങ്കിലും ഐറിഷ് വിസ്കി ഉയർന്ന തീരുവയ്ക്ക് വിധേയമായി തുടരുകയായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തെ യുഎസ് ഡിസ്റ്റിൽഡ് സ്പിരിറ്റ്സ് കൗൺസിൽ പ്രസിഡന്റ് ക്രിസ് സ്വോംഗർ സ്വാഗതം ചെയ്തു. സ്പിരിറ്റ്സ് വ്യാപാരത്തിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു അനുകൂല നടപടിയാണിത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വരാനിരിക്കുന്ന അവധിക്കാല വിൽപ്പന സീസണിൽ ഈ തീരുമാനം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയിൽ സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ഉപഭോക്താക്കൾ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് ഇത് ഉണർവ് നൽകുമെന്നും സ്വോംഗർ വ്യക്തമാക്കി.
ഐറിഷ് വിസ്കി അസോസിയേഷനും മേയിൽ തീരുവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐറിഷ് ഉൽപന്നങ്ങൾ വിൽക്കുന്ന യുഎസ് കമ്പനികൾക്ക് ഇത് സഹായകരമാകുമെന്നും ഉപഭോക്താക്കൾ നേരിടുന്ന അനിശ്ചിതത്വം കുറയ്ക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രിൽ 30ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും കാമില രാജ്ഞിയും വൈറ്റ് ഹൗസ് സന്ദർശിച്ചതുമായി ബന്ധപ്പെടുത്തിയും ട്രംപ് നേരത്തെ ബ്രിട്ടീഷ് വിസ്കിയുടെ തീരുവ ഇളവ് പ്രഖ്യാപിച്ചിരുന്നു. “മറ്റാർക്കും സാധിക്കാത്ത കാര്യം രാജാവും രാജ്ഞിയും എന്നെക്കൊണ്ട് ചെയ്യിച്ചു,” അന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ജൂലൈ 24ന് സ്കോച്ച് വിസ്കിക്ക് പൂജ്യം തീരുവ ഏർപ്പെടുത്തിയുള്ള ക്രമീകരണം പ്രാബല്യത്തിൽ വന്നതായി സ്കോച്ച് വിസ്കി അസോസിയേഷനും അറിയിച്ചിരുന്നു.
‘Everyone’s been bugging me’: Trump to remove 10% duty on Irish whiskey












