
ന്യൂയോർക്ക്: ജെപി മോർഗൻ എക്സിക്യൂട്ടീവ് ലോർണ ഹാജ്ദിനിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഇന്ത്യൻ വംശജനായ മുൻ ബാങ്കുദ്യോഗസ്ഥൻ ചിരായു റാണ, കേസിൽ നിർണ്ണായകമായ പുതിയ തെളിവുകൾ കൂടി കോടതിയിൽ സമർപ്പിച്ചു. ലോർണ തന്നെ ലൈംഗിക അടിമയെപ്പോലെയാണ് കണ്ടിരുന്നതെന്നും, തൻ്റെ സുഹൃത്തിനെക്കൂടി ഉൾപ്പെടുത്തി ‘ത്രീസം’ (മൂന്നുപേർ ചേർന്നുള്ള ലൈംഗിക ബന്ധം) ചെയ്യാൻ നിർബന്ധിച്ചുവെന്നും റാണ ആരോപിക്കുന്നു. വംശീയ അധിക്ഷേപവും ഭീഷണിയും ഉൾപ്പെടെയുള്ള പുതിയ വിവരങ്ങളാണ് പുതിയ കോടതി രേഖകളിലുള്ളത്.
പുതിയ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
2024 സെപ്റ്റംബറിൽ ന്യൂയോർക്കിലെ അപ്പാർട്ട്‌മെൻ്റിൽ അതിഥിയായി എത്തിയ റാണയുടെ ഒരു കുടുംബസുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. രാത്രി മദ്യലഹരിയിൽ പൂർണ്ണ നഗ്നയായി എത്തിയ ലോർണ തന്നെ വിളിച്ചുണർത്തി ബെഡ്‌റൂമിലേക്ക് വരാൻ നിർബന്ധിച്ചുവെന്ന് ഇയാൾ മൊഴി നൽകി. “ചിരായുവിനെ ഞാൻ വിലയ്ക്ക് എടുത്തിരിക്കുകയാണ് (I own him), അതുകൊണ്ട് നീയും കൂടെ വരണം” എന്ന് ലോർണ ഇയാളോട് പറഞ്ഞു. എന്നാൽ റാണ മുറിക്കുള്ളിൽ നിന്ന് “വേണ്ട, ഇത് നിർത്തൂ, നീ ഇവിടെ നിന്ന് പോകണം” എന്ന് നിലവിളിക്കുന്നത് കേട്ടതായും സാക്ഷി വെളിപ്പെടുത്തി.
“ബ്രൗണി, നിന്നെ ഞാൻ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്” (I own you, Brownie) എന്ന് വിളിച്ചുകൊണ്ട് ലോർണ റാണയെ നിരന്തരം വംശീയമായി അധിക്ഷേപിച്ചിരുന്നതായി മറ്റൊരു സാക്ഷി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, ബാർക്ലേയ്‌സ് സെൻ്ററിൽ നടന്ന ഡിജെ കൈഗോയുടെ സംഗീത പരിപാടിക്കിടെ ലോർണ റാണയോട് മോശമായി പെരുമാറുന്നത് കണ്ടവരും, തെരുവിലിട്ട് റാണയുടെ കഴുത്തിൽ ലോർണ ചുംബിക്കുന്നത് കണ്ടവരും സാക്ഷിപ്പട്ടികയിലുണ്ട്.
2024 ജൂലൈയിൽ തന്നെ താൻ നേരിടുന്ന ഈ പീഡനങ്ങളെക്കുറിച്ച് റാണ ഒരു ‘ലീഗൽ ചാറ്റ്ബോട്ടിനോട്’ ഉപദേശം തേടിയിരുന്നു. സമാനമായ പീഡന സാഹചര്യങ്ങളിൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള തിരച്ചിലുകളുടെ രേഖകളും റാണ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ജെപി മോർഗൻ്റെ പ്രതികരണം
റാണയുടെ ആരോപണങ്ങൾ തികച്ചും കെട്ടിച്ചമച്ചതാണെന്നാണ് ജെപി മോർഗൻ ബാങ്ക് വാദിക്കുന്നത്. റാണ ഒരിക്കലും ലോർണയുടെ കീഴിൽ നേരിട്ട് ജോലി ചെയ്തിട്ടില്ലെന്നും ബാങ്ക് അവകാശപ്പെടുന്നു. റാണയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനായി മറ്റൊരു കാര്യവും ബാങ്ക് കോടതിയിൽ പറഞ്ഞു; 2024 ഡിസംബറിൽ തൻ്റെ പിതാവ് മരിച്ചുവെന്ന് കള്ളം പറഞ്ഞ് റാണ ഓഫീസിൽ നിന്നും അവധിയെടുത്തിരുന്നു, എന്നാൽ റാണയുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
കേസിൻ്റെ നാൾവഴി
2024 പകുതിയോടെയാണ് പീഡനങ്ങൾ തുടങ്ങിയതെന്ന് റാണ പറയുന്നു. 2025-ൽ ജെപി മോർഗനിൽ ആഭ്യന്തര പരാതി നൽകിയെങ്കിലും ബാങ്ക് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ല. തുടർന്ന് ജോലി രാജിവെച്ച റാണ ‘ബ്രെഗൽ സേജ്മൗണ്ട്’ എന്ന സ്ഥാപനത്തിൽ ചേർന്നു. 2026 ഏപ്രിലിൽ അവിടെനിന്നും മാറിയ ശേഷമാണ് ‘ജോൺ ഡോ’ എന്ന രഹസ്യനാമത്തിൽ റാണ കോടതിയെ സമീപിച്ചത്. ആദ്യം നൽകിയ പരാതി പിൻവലിച്ച്, ഇപ്പോൾ സാക്ഷിമൊഴികൾ സഹിതം വിപുലീകരിച്ച പുതിയ പരാതി ഫയൽ ചെയ്തിരിക്കുകയാണ്.
Ex-JPMorgan banker Chirayu Rana brings ‘threesome’ allegation against Lorna















