
ഒട്ടാവ: പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. വെള്ളിനാഴ്ച പൊട്ടിപ്പുറപ്പെട്ട ‘ബാൾഡ് റേഞ്ച്’ കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതോടെ സമ്മർലാൻഡ്, ഒകനാഗൻ-സിമിൽക്കാമീൻ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു.
നിലവിൽ 36 ചതുരശ്ര മൈലിലധികം (95 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തേക്ക് തീ പടർന്നുകഴിഞ്ഞതായി ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. മേഖലയിലെ ഏറ്റവും വേഗതയേറിയതും വലുതുമായ കാട്ടുതീയാണിതെന്ന് അടിയന്തിര വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീ പൂർണ്ണമായും നിയന്ത്രണാതീതമാണ്.
പന്ത്രണ്ടായിരത്തോളം ജനസംഖ്യയുള്ള സമ്മർലാൻഡ് നഗരത്തിൽ പൂർണ്ണമായ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ശനിയാഴ്ച പുലർച്ചെയോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. മുതിർന്ന പൗരന്മാരുടെ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്, ഫയർഫോഴ്സ്, അടിയന്തിര മാനേജ്‌മെന്റ് ടീമുകൾ എന്നിവർ രംഗത്തുണ്ട്.
സമീപ പ്രദേശങ്ങളായ പീച്ച്‌ലാൻഡ്, ഒകനാഗൻ എന്നിവിടങ്ങളിലും ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെയും കുതിരകളെയും സുരക്ഷിതമായി മാറ്റാൻ സാധിക്കാത്ത ഉടമകൾ അവയുടെ മേൽ അടയാളങ്ങൾ രേഖപ്പെടുത്തി അഴിച്ചുവിട്ടിരിക്കുകയാണ്. കാനഡയിലെ ഈ വർഷത്തെ കടുത്ത വേനലിൽ ഒന്റാറിയോ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഇത്തരത്തിൽ നൂറുകണക്കിന് കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Wildfires engulf Canada; Summerland completely evacuated, public life in distress












