വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ അമേരിക്ക നിർണായക ഘട്ടത്തിലാണെന്നും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന പാത ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അമേരിക്കയ്ക്ക് അനുകൂലമായ ഫലം ഉറപ്പാക്കുന്നതിനായി നയതന്ത്ര, സാമ്പത്തിക, സൈനിക മാർഗങ്ങൾ ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വാൻസ് പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ ആവർത്തിച്ചു.
ഇറാനുമായുള്ള ചർച്ചകളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്നും തനിക്ക് കാര്യങ്ങളിൽ ആത്മവിശ്വാസമുണ്ട്. സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഗൾഫിൽ നിന്ന് ലഭിച്ചിരുന്ന അതേ അളവിൽ എണ്ണയും വാതകവും തുടർന്നും ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ ചെയ്യുമെന്നാണ് ഇറാൻ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ഞങ്ങൾ വാക്കുകൾ മാത്രം വിശ്വസിക്കില്ല, കാര്യങ്ങൾ പരിശോധിക്കും. ആളുകൾ പറയുന്നതിലല്ല, അവർ ചെയ്യുന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത് എന്നും വാൻസ് പറഞ്ഞു.
കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഗതാഗത സംവിധാനം എങ്ങനെ ഒരുക്കാമെന്നാണ് ഇപ്പോൾ ഞങ്ങൾ പ്രധാനമായും പരിശോധിക്കുന്നത്. അതിൽ കടലിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ സമുദ്ര ഗതാഗത പാത ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തുന്നതിന് തങ്ങൾ “വളരെ അടുത്തെത്തിയതായി” ഇറാൻ ശനിയാഴ്ച അറിയിച്ചു. എന്നാൽ നിർണായകമായ ഈ ജലപാത വീണ്ടും തുറക്കുന്നതിന് ഇറാൻ ചില വ്യവസ്ഥകളും മുന്നോട്ടുവച്ചു. അമേരിക്ക “തങ്ങളുടെ പെരുമാറ്റം തിരുത്തുന്നതുവരെ” ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ധാരണയെക്കുറിച്ചുള്ള ചർച്ചകളെ പുതിയ ആവശ്യങ്ങൾ ബാധിച്ചേക്കും.
ഇനി ഒരിക്കലും ഇറാനെ അമേരിക്ക ഭീഷണിപ്പെടുത്തരുതെന്നും ഇറാനുമായും മേഖലയിലെ സായുധ സഖ്യകക്ഷികളുമായുമുള്ള യുദ്ധം അമേരിക്ക സ്ഥിരമായി അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയും മേഖലയിൽനിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുകയും വേണം. യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാന് പൂർണ നഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും മരവിപ്പിച്ച ഇറാൻ ആസ്തികൾ യാതൊരു നിബന്ധനകളുമില്ലാതെ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന കപ്പലുകൾക്കായി താൽക്കാലിക ഗതാഗത പാതകൾ ഒരുക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പറഞ്ഞു. എന്നാൽ ധാരണയിലെത്തിയാലും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഊർജവിതരണത്തിന് ലഭിക്കാവുന്ന ആശ്വാസം പരിമിതമായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
.
ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ “അനുകൂലവും ക്രിയാത്മകവുമായ അന്തരീക്ഷത്തിൽ” തുടരുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചർച്ചകളിലെ പുരോഗതിയെ അപകടത്തിലാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുണ്ടായ “തുടർച്ചയായ ആക്രമണങ്ങളെ” ഒമാൻ അപലപിച്ചെങ്കിലും പ്രസ്താവനയിൽ ഇറാന്റെ പേര് പരാമർശിച്ചില്ല.
JD Vance says US weighing safe Hormuz route for ships as Iran reiterates demands










