
സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് താത്കാലിക ആശ്വാസ വിധി ഉണ്ടായതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കടുത്ത നടപടികളിലേക്ക് തിടുക്കപ്പെട്ട് കടക്കില്ല. വരുന്ന വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചിട്ടുണ്ടെങ്കിലും ഭാവി നീക്കങ്ങൾ നിയമജ്ഞരുമായി ആലോചിച്ച ശേഷം മാത്രം കൈക്കൊള്ളാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇ.ഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ അഭിഭാഷകരുമായി പ്രത്യേക യോഗം ചേർന്ന് തുടർന്നുള്ള നടപടികൾ ചർച്ച ചെയ്യും.
ഇ.ഡി നടപടികൾ ചോദ്യം ചെയ്തുകൊണ്ട് പിണറായി വിജയൻ നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കൂടുതൽ തിടുക്കം കാട്ടേണ്ടതില്ലെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ, പിണറായിക്ക് കഴിഞ്ഞ ദിവസം നൽകിയ സമൻസ് റദ്ദാക്കിയിട്ടില്ലെന്നും അത് നിലനിൽക്കുമെന്നും ഇ.ഡി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച അദ്ദേഹം ഹാജരായില്ലെങ്കിൽ തുടർന്ന് സ്വീകരിക്കേണ്ട കാര്യങ്ങളിൽ കൃത്യമായ നിയമോപദേശം തേടാനാണ് ഏജൻസിയുടെ തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു.
വിജിലൻസ് കേസിൽ സുപ്രീം കോടതി നൽകിയ ഉത്തരവ് ഇ.ഡിയുടെ അന്വേഷണത്തിന് തിരിച്ചടിയല്ലെന്നാണ് വിലയിരുത്തൽ. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിനോ അതിന്റെ അന്വേഷണത്തിനോ സുപ്രീം കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. എങ്കിലും, സംസ്ഥാന വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ പരമോന്നത നീതിപീഠം നിർദ്ദേശിച്ച പശ്ചാത്തലത്തിൽ, ഇ.ഡിയും താത്കാലികമായി കാര്യങ്ങൾ നിരീക്ഷിച്ച് മാത്രം മുന്നോട്ട് പോകാനാണ് സാധ്യത. അതേസമയം വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
Exalogic Case: ED Slows Down Actions Following Supreme Court Ruling; Summons to Pinarayi Remains Valid















