മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ വീണാ വിജയനെതിരെ പുതിയ നീക്കവുമായി ഷോൺ ജോർജ്, വീണയുടെ വിദേശ അക്കൗണ്ടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി

മാസപ്പടി കേസിൽ വീണാ വിജയന്റെ പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്ത് നൽകി. യുഎഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് കൺസൾട്ടിംഗ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാസപ്പടി ഇടപാടിലെ അഴിമതി പണം എത്തിയിട്ടുണ്ടെന്നാണ് ഷോണിന്റെ പ്രധാന ആരോപണം.

വീണാ തായ്ക്കണ്ടി, സുനീഷ് എം എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്ന് കത്തിൽ പറയുന്നു. എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള പണം ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും പിന്നീട് ഈ തുക അമേരിക്കയിലെ ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഷോൺ ആരോപിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്തിൽ നിന്നാണ് തനിക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

രണ്ടു വർഷം മുൻപ് ഇതേ വിവരങ്ങൾ ഉന്നയിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനും ഷോൺ ജോർജ് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇഡിക്കും പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വിദേശ അക്കൗണ്ടുകളെക്കുറിച്ചുള്ള ഈ പുതിയ വെളിപ്പെടുത്തൽ മാസപ്പടി വിവാദത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

Exalogic foreign bank accounts: Shaun George demands ED probe against Veena Vijayan

More Stories from this section

family-dental
witywide