
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. ഇരുവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസിന് നൽകിയ ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് നിർണായക വിധി പുറപ്പെടുവിച്ചത്.
കേസെടുക്കാൻ പര്യാപ്തമായ വ്യക്തമായ തെളിവുകളും മൊഴിവിവരങ്ങളും ഇഡി കൈമാറിയ റിപ്പോർട്ടിൽ തന്നെയുണ്ടെന്ന് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചിരുന്നു. തങ്ങൾ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമാണ് കണ്ടെത്തലുകൾ സംസ്ഥാനത്തിന് കൈമാറിയതെന്നും, അതിന്മേൽ വീണ്ടും ഒരു പ്രാഥമിക അന്വേഷണം നടത്തി സമയം നീട്ടിക്കൊണ്ടുപോകുന്നതിന്റെ ആവശ്യകത എന്താണെന്നുമായിരുന്നു കോടതിയിൽ ഇഡിയുടെ ചോദ്യം. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും സംസ്ഥാന സർക്കാർ അതിക്രമിച്ചതായും ഇഡി ചൂണ്ടിക്കാട്ടി.
എന്നാൽ വെറുമൊരു ഡയറിക്കുറിപ്പിലെ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ കേസിന് ആസ്പദമായ മൊഴിവിവരങ്ങളും മറ്റ് ശക്തമായ തെളിവുകളും ഇഡിയുടെ റിപ്പോർട്ടിൽ മുന്നിലുണ്ടല്ലോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജിലൻസ് വീണ്ടും പ്രാഥമിക അന്വേഷണം നടത്തണമെന്ന സംസ്ഥാനത്തിന്റെ തടസ്സവാദം തള്ളിയ കോടതി, ഉടൻ തന്നെ കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കാൻ ഉത്തരവിടുകയായിരുന്നു. പിണറായി വിജയൻ്റെ മകൾ ടി. വീണയും കേസിൽ പ്രതിസ്ഥാനത്തുണ്ട്.
Major setback for Pinarayi Vijayan and Riyas: High Court orders registration of FIR and investigation in the ‘masappady’ case.















