
തൃശൂര്‍: തൃശ്ശൂർ മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരണപ്പെട്ട മൂന്ന് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശൻ (54), പാലക്കാട് കുമരനല്ലൂർ സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന താൽക്കാലിക പുരയിലാണ് വൈകുന്നേരം മൂന്നരയോടെ അപകടമുണ്ടായത്. അഞ്ച് നിർമ്മാണ പുരകളിലേക്കും തീ പടരുകയും തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടാവുകയും ചെയ്തു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ശരീരഭാഗങ്ങൾ ദൂരേക്ക് തെറിച്ചുപോയ നിലയിലായിരുന്നു.അപകടത്തിൽ പരിക്കേറ്റ 13 പേരിൽ പ്രവീൺ വെന്റിലേറ്ററിലും ബാബു, സതീഷ്, ഹരി എന്നിവർ ബേൺസ് ഐസിയുവിലും ചികിത്സയിലാണ്. ബാബു, സുഭദ്ര, അനിത, അഖിൽ, വിദ്യ കുമാർ, രജീഷ്, വിഷ്ണു, സാജൻ, ഭവാനി, സുന്ദരൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാത്തതും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. സംഭവസമയത്ത് എത്രപേർ ജോലിയിലുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഇന്നത്തെ പരിശോധനകൾ അവസാനിപ്പിച്ചതായും നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.












