
തിരുവനന്തപുരം: മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യക്തിയുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നത് ഗുരുതരമായ നിയമനടപടികൾക്ക് വഴിവെക്കുമെന്നും, മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സ്വകാര്യതയുടെ പ്രാധാന്യവും നിയമപരമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് കേരള പോലീസ് മുന്നറിയിപ്പ് നൽകിയത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കും വ്യക്തിപരമായ നിമിഷങ്ങളിലേക്കും മൊബൈൽ ക്യാമറകൾ കടന്നുകയറുന്ന പ്രവണത വർധിച്ചുവരുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.
മനുഷ്യരുടെ ദുഃഖവും മരണവും അപകടങ്ങളും സാമൂഹിക പ്രതിസന്ധികളും ചിലർ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ ആകർഷിക്കാനുള്ള ഉപാധികളാക്കി മാറ്റുകയാണെന്ന് കുറിപ്പിൽ വിമർശിക്കുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഓർമിപ്പിച്ച പോലീസ്, ഒരാളുടെ സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ സെക്ഷൻ 66E പ്രകാരം സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
അടുത്തിടെ അന്തരിച്ച നടൻ സലീം കുമാറിന്റെ സംസ്കാര ചടങ്ങുകളിലെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നുണ്ടായ വ്യാപക വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നത്. കുടുംബത്തിന്റെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സംഭവത്തിനെതിരെ സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും മാനിക്കുന്ന സാമൂഹിക ബോധം വളർത്തേണ്ടത് അനിവാര്യമാണെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേരള പോലീസ് വ്യക്തമാക്കി.










