ബ്രസൽസ്: ജൂൺ അവസാനവാരത്തിൽ യൂറോപ്പിനെ പിടിച്ചുകുലുക്കിയ റെക്കോർഡ് ഉഷ്ണതരംഗത്തിനിടെ 10,000-ത്തിലധികം അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ECDC), ലോകാരോഗ്യ സംഘടന (WHO) എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന യൂറോമോമോ (EuroMOMO) ശൃംഖലയാണ് കണക്കുകൾ പുറത്തുവിട്ടത്.
ജൂൺ 22 മുതൽ 28 വരെയുള്ള കാലയളവിൽ 10,650 ലധികം മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ 9,000-ത്തിലധികം പേർ 65 വയസിന് മുകളിലുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹീറ്റ് സ്ട്രോക്ക്, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവ രൂക്ഷമാകുന്നതാണ് കടുത്ത ചൂട് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങൾ. പ്രായമായവരാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
“വർഷത്തിലെ ഈ സമയത്ത് ഇത്രയും അധിക മരണങ്ങൾ ഉണ്ടാകുന്നത് അസാധാരണമാണ്. ഈ മരണവർധനയ്ക്ക് അതിശക്തമായ ചൂടല്ലാതെ മറ്റൊരു വ്യക്തമായ കാരണമില്ല,” എന്ന് ഡെൻമാർക്കിലെ സ്റ്റാറ്റൻസ് സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഫിഷ്യൻസായ ലാസെ വെസ്റ്റർഗാർഡ് പറഞ്ഞു. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനമാണ് ഈ ഉഷ്ണതരംഗത്തെ കൂടുതൽ രൂക്ഷമാക്കിയതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനം മൂലം ഉഷ്ണതരംഗങ്ങൾ കൂടുതൽ പതിവാകുകയും അതിന്റെ തീവ്രത വർധിക്കുകയും ചെയ്യുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ.
ജൂൺ അവസാനത്തിൽ ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായിരുന്നു. വൈദ്യുതി വിതരണം തടസ്സപ്പെടുകയും നിരവധി സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുകയും പതിറ്റാണ്ടുകൾ പഴക്കമുള്ള താപനില റെക്കോർഡുകൾ തകരുകയും ചെയ്തു.
അതേസമയം, രാജ്യങ്ങൾ തിരിച്ചുള്ള കണക്കുകൾ യൂറോമോമോ പുറത്തുവിട്ടിട്ടില്ല. എന്നാൽ ജൂൺ അവസാനവാരത്തിൽ ഫ്രാൻസിലും ബെൽജിയത്തിലും മാത്രമാണ് “വളരെ ഉയർന്ന അധിക മരണനിരക്ക്” രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബെൽജിയത്തിലെ പൊതുജനാരോഗ്യ സ്ഥാപനമായ സയൻസാനോയുടെ കണക്കുകൾ പ്രകാരം, 2000 മുതൽ രേഖപ്പെടുത്തിയ ഉഷ്ണതരംഗങ്ങളിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്തവണ ഉണ്ടായത്.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ മേയ്-ജൂൺ മാസങ്ങളിലെ ഉഷ്ണതരംഗത്തിനിടെ ഇംഗ്ലണ്ടിലും വെയിൽസിലുമായി മാത്രം 2,700 പേർ ചൂട് സംബന്ധമായ കാരണങ്ങളാൽ മരിച്ചതായി കണ്ടെത്തി. ഇവയിൽ 42 ശതമാനം മരണങ്ങൾക്കും ആഗോളതാപനം മൂലം വർധിച്ച ചൂടാണ് പ്രധാന കാരണമെന്ന് ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിട്ടീഷ് മെറ്റ് ഓഫീസ്, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ എന്നിവ ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവന് നേരിട്ടുള്ള ഭീഷണിയായി മാറുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ കണക്കുകളെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Europe recorded 10,000 excess deaths during late-June heatwave, data show












