
ഒഹായോ: അമേരിക്കയിലെ ഒഹായോയിലുള്ള മോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഗുജറാത്ത് സ്വദേശികളായ ഒരേ കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഗുജറാത്തിലെ ഖേഡാ ജില്ലയിലെ നദിയാദ് സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹീനാബെൻ, ഇവരുടെ 20 വയസ്സുള്ള മകൾ ഈഷാനി എന്നിവരാണ് മരിച്ചത്. ഇവർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന മോട്ടലിലാണ് അപകടമുണ്ടായതെന്ന് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരത്തിൽ പറയുന്നു. രണ്ട് വർഷം മുമ്പാണ് ഈ കുടുംബം ഒഹായോയിലെ വൂസ്റ്ററിലേക്ക് താമസം മാറിയത്.
ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ‘എക്കണോ ലോഡ്ജ്’ മോട്ടലിൽ പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. അഗ്നിശമന സേനാംഗങ്ങൾ എത്തുമ്പോഴേക്കും മോട്ടലിന്റെ മേൽക്കൂരയിൽ നിന്ന് ശക്തമായ പുകയും തീജ്വാലകളും ഉയരുന്നുണ്ടായിരുന്നു. തീപിടിത്തം ഉണ്ടായ സമയത്ത് കുടുംബം മുറിക്കുള്ളിലായിരുന്നു. കെട്ടിടത്തിൽ തീ പടർന്നതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ ഇവർ സഹായം അഭ്യർത്ഥിച്ച് മോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലേക്ക് വിളിക്കുകയായിരുന്നു.
സുരക്ഷയ്ക്കായി ബാത്ത്റൂമിലെ വാട്ടർ സപ്ലൈ തുറന്നിട്ട ശേഷം അവിടെത്തന്നെ തുടരാൻ ജീവനക്കാർ ഇവർക്ക് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് പുകയിൽ നിന്നും തീയിൽ നിന്നും രക്ഷപ്പെടാൻ കുടുംബം ബാത്ത്റൂമിൽ കയറി വാതിൽ അകത്തുനിന്ന് പൂട്ടി. എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. രക്ഷാപ്രവർത്തകർക്ക് ഇവരുടെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ മൂവരും ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. ക്ലീവ്‌ലൻഡിന് തെക്ക് 96 കിലോമീറ്റർ അകലെയുള്ള മോട്ടലിന്റെ പിൻഭാഗത്തിന് തീപിടിത്തത്തിൽ ഗുരുതരമായ നാശനഷ്ടം സംഭവിച്ചു. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൂർണ്ണമായി കത്തിയമർന്നതായും, കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതായും മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചതായും മുതിർന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തം ഉണ്ടാകുമ്പോൾ മോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി ഏപ്രിൽ ഗ്രേസർ ഭീതിജനകമായ ആ നിമിഷങ്ങൾ പങ്കുവെച്ചു. അർദ്ധരാത്രിയിൽ പെട്ടെന്ന് അലാറം മുഴങ്ങിയപ്പോഴാണ് അപകടം അറിഞ്ഞതെന്ന് അവർ പറഞ്ഞു. കുടുങ്ങിക്കിടന്ന കുടുംബം ഫോണിൽ വിളിച്ച് കരഞ്ഞുകൊണ്ട് സഹായം അഭ്യർത്ഥിച്ചതായും, കെട്ടിടത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ അവർ നിലവിളിക്കുകയായിരുന്നുവെന്നും മറ്റൊരു ജീവനക്കാരൻ വ്യക്തമാക്കി. താൻ ഉടൻ തന്നെ അടിയന്തര നമ്പറായ 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു.
അപകടത്തിൽ മോട്ടലിലെ മറ്റ് താമസക്കാർക്കോ ജീവനക്കാർക്കോ പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് നേരിയ പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വ്യക്തത വരാൻ അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.












