അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ഒരു ഇന്ത്യൻ വിദ്യാർഥി ഇപ്പോൾ നേരിടുന്ന തൊഴിൽ സംശയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇന്ത്യയിലെ ബെംഗളൂരുവിൽ നിന്ന് വാർഷിക വരുമാനം 28 ലക്ഷം (28 LPA) രൂപ ശമ്പളമുള്ള ജോലി ഓഫറും നിലവിൽ അമേരിക്കയിൽ ലഭിച്ച വർഷം 60,000 ഡോളർ ശമ്പളമുള്ള ജോലിയും തമ്മിൽ ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമാണ് അദ്ദേഹം പങ്കുവെച്ചത്.
റെഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ, മാസ്റ്റേഴ്സ് പഠനത്തിനായി അമേരിക്കയിലേക്ക് പോയ താൻ ഒരു വർഷത്തെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് നാല് മാസം മുമ്പ് ജോലി നേടാനായതെന്ന് വിദ്യാർഥി പറയുന്നു. അതേസമയം, ഈ വർഷം തന്റെ H-1B വിസ തിരഞ്ഞെടുക്കപ്പെട്ടതായും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 2026 ജൂലൈ വരെ സാധുതയുള്ള STEM OPT വിസയിലാണ് താനെന്നും, H-1B വിസ ലഭിച്ചെങ്കിലും അമേരിക്കയിലെ ശമ്പളം താരതമ്യേന കുറവാണെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. വിവാഹത്തിന് മുമ്പ് ഇന്ത്യയിലേക്ക് മടങ്ങുക എളുപ്പമാണെന്നും, പ്രായമാകുന്ന മാതാപിതാക്കൾക്കൊപ്പം കഴിയാനും അവരെ പരിചരിക്കാനുമാണ് തന്റെ ആഗ്രഹമെന്നും ഏകമകനായ വിദ്യാർഥി കുറിച്ചു. അതിനാൽ ഇപ്പോൾ തന്നെ ഇന്ത്യയിലേക്ക് മടങ്ങണമോ, അമേരിക്കയിൽ തുടരണമോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപക ശ്രദ്ധ നേടി. പ്രത്യേകിച്ച്, അമേരിക്കയിലെ H-1B വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും തൊഴിൽ വിപണിയിലെ വെല്ലുവിളികളും ചർച്ചയായി. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ വിവിധ നയമാറ്റങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ H-1B വിസയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കയിൽ വർഷം 60,000 ഡോളർ ശമ്പളം താരതമ്യേന കുറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജോലി സിലിക്കൺ വാലിയിലോ ന്യൂയോർക്കിലോ അല്ല, ഫിലാഡൽഫിയയിലാണെന്നതിനാൽ ശമ്പളം അത്ര മോശമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഭൂരിഭാഗം പേരും ബെംഗളൂരുവിലെ ₹28 ലക്ഷം വാർഷിക ശമ്പള ഓഫർ സ്വീകരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഫിലാഡൽഫിയയിലെ ജീവിതച്ചെലവ് കൂടുതലാണെന്നതും അവർ ചൂണ്ടിക്കാട്ടി. “ഇന്ത്യയിലേക്ക് മടങ്ങൂ. അമേരിക്കയിൽ 60,000 ഡോളർ എന്നത് ദാരിദ്ര്യരേഖയ്ക്ക് അടുത്ത ശമ്പളമാണ്. ഇന്ത്യയിൽ 28 ലക്ഷം മികച്ച വരുമാനമാണ്,” എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
28 ലക്ഷം രൂപ ഓഫർ സ്വീകരിക്കുന്നത് തന്നെയാണ് മികച്ച തീരുമാനം. അമേരിക്കയിൽ അടുത്ത വർഷം തന്നെ 100,000 ഡോളറിലധികം ശമ്പളത്തിലേക്ക് ഉയരുമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രമേ അവിടെ തുടരാൻ കാര്യമുള്ളു എന്ന് മറ്റൊരാൾ കുറിച്ചു. ഫിലാഡൽഫിയയിൽ 60,000 ഡോളർ ശമ്പളം വളരെ കുറവാണ്. അവിടെ സുഖമായി ജീവിക്കാൻ കുറഞ്ഞത് 110,000 മുതൽ 150,000 ഡോളർ വരെ വേണം. ഞാൻ ആയിരുന്നെങ്കിൽ ബെംഗളൂരു തിരഞ്ഞെടുക്കുമായിരുന്നു. പിന്നീട് H-1B ഉപയോഗിച്ച് അമേരിക്കയിലേക്ക് മടങ്ങാം എന്ന് മറ്റൊരാളും പ്രതികരിച്ചു.
എന്നാൽ ചിലർ വ്യത്യസ്ത അഭിപ്രായവും പങ്കുവെച്ചു. “ഇന്ത്യയിലെ തൊഴിൽവിപണി ഇപ്പോൾ വളരെ അനിശ്ചിതമാണ്. പിരിച്ചുവിടലുകൾ വ്യാപകമാണ്. രണ്ടോ മൂന്നോ വർഷമെങ്കിലും അമേരിക്കയിൽ തുടരുക. ശമ്പളവും ഉയരാൻ സാധ്യതയുണ്ട്. അതിന് ശേഷം തീരുമാനമെടുക്കാം,” ഒരു ഉപയോക്താവ് നിർദേശിച്ചു. നികുതി കഴിഞ്ഞാൽ പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപ കൈയിൽ ലഭിക്കുമല്ലോ. അത് ഇന്ത്യയിൽ വളരെ മികച്ച വരുമാനമാണ്. ഉയർന്ന മധ്യവർഗ ജീവിതം നയിക്കാൻ അതിലധികം മതിയാകും എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
F-1 student faces dilemma: ₹28 LPA in India vs. $60K US salary with H-1B visa; netizens remind ‘layoffs are crazy’














