
സ്വന്തം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിൽ ജോൺ അലൻ റൂബിയോയ്ക്ക് വധശിക്ഷ നടപ്പാക്കി. 2003ൽ നടന്ന കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ 46കാരനായ റൂബിയോയെ നവംബർ 17ന് ടെക്സസിലെ ഹണ്ട്സ്‌വിൽ ജയിലിൽ മാരക വിഷം കുത്തിവെച്ചാണ് വധിച്ചത്.
2003 മാർച്ച് 11നായിരുന്നു നാടിനെ നടുക്കിയ സംഭവം. മൂന്ന് വയസ്സുകാരിയായ ജുലിസ, 14 മാസം പ്രായമുള്ള ജോൺ എസ്തേബൻ, രണ്ട് മാസം മാത്രം പ്രായമുള്ള മേരി ജെയിൻ എന്നിവരെയാണ് റൂബിയോ കൊലപ്പെടുത്തിയത്. കുട്ടികളുടെ തലയറുത്തായിരുന്നു കൊലപാതകം. സാമ്പത്തിക പ്രതിസന്ധിയും കുട്ടികൾക്ക് പ്രേതബാധയുണ്ടെന്ന വിശ്വാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിനിടെ റൂബിയോയും പങ്കാളിയായ ആഞ്ചല കമാച്ചോയും പറഞ്ഞത്. കേസിൽ പങ്കാളിയായ ആഞ്ചല കമാച്ചോയ്ക്ക് നേരത്തെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് അവസാന സന്ദേശം നൽകിയ റൂബിയോ, താൻ ഇപ്പോൾ പഴയ വ്യക്തിയല്ലെന്ന് പറഞ്ഞു. സ്വർഗത്തിൽ തന്റെ കുട്ടികളെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയും കുടുംബാംഗങ്ങൾ തന്നോട് ക്ഷമിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കുട്ടികളുടെ ഓർമയ്ക്കായി കൊലപാതകം നടന്ന സ്ഥലം പിന്നീട് ‘ട്രെസ് ആഞ്ചലെസ് പാർക്ക്’ എന്ന പേരിൽ കമ്മ്യൂണിറ്റി ഗാർഡനാക്കി മാറ്റിയിരുന്നു. വധശിക്ഷ നടപ്പാക്കിയ ദിവസം രാത്രിയിൽ കുട്ടികളുടെ സ്മരണയ്ക്കായി ഇവിടെ മെഴുകുതിരി തെളിയിച്ച് പ്രാർഥനയും സംഘടിപ്പിച്ചു.














