ട്രംപിന് ഷോക്ക്! അമേരിക്കൻ മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പലുകൾ; ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ പാത തിരഞ്ഞെടുത്ത് ചരക്കുകപ്പലുകൾ!

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി നിലനിൽക്കെ, ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം പൂർണ്ണമായും ഇറാന്‍റെ നിയന്ത്രണത്തിലുള്ള പാതയിലൂടെ മാത്രമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഹോർമൂസ് കടലിടുക്ക് കടന്നുപോയ ഏതാണ്ട് എല്ലാ ചരക്കുകപ്പലുകളും ഇറാൻ നിർദ്ദേശിച്ച വടക്കൻ പാതയാണ് ഉപയോഗിച്ചതെന്ന് പ്രമുഖ ഷിപ്പിംഗ് ഇന്റലിജൻസ് ഏജൻസിയായ ‘മാരിസ്ക്സ്’ വ്യക്തമാക്കി. അമേരിക്കൻ സൈന്യം നിർദ്ദേശിച്ച ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ പാത വിദേശ കപ്പലുകളൊന്നും തന്നെ തിരഞ്ഞെടുത്തിട്ടില്ല.

ശനിയാഴ്ചയ്ക്ക് ശേഷം 78 കപ്പലുകളാണ് ഹോർമൂസ് വഴി യാത്ര ചെയ്തത്. ഇതിൽ 20 എണ്ണം ഇറാനിയൻ പതാക വഹിക്കുന്നവയായിരുന്നു. ബാക്കി വന്ന 58 വിദേശ കപ്പലുകളും ഇറാന്റെ നിയന്ത്രണത്തിലുള്ള വടക്കൻ പാത വഴിയാണ് കടന്നുപോയത്. രാഷ്ട്രീയ വിരോധങ്ങളും അമേരിക്കൻ ഉപരോധ ഭീഷണികളും നിലനിൽക്കുന്നുണ്ടെങ്കിലും, സുരക്ഷ മുൻനിർത്തി അന്താരാഷ്ട്ര വ്യാപാരികൾ ഇറാന്റെ പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരാവുകയാണെന്ന് മാരിസ്ക്സ് ചൂണ്ടിക്കാട്ടുന്നു. യു.എ.ഇയുടെ പ്രാദേശിക ബോട്ടുകളും ഓഫ്‌ഷോർ കപ്പലുകളും മാത്രമാണ് തെക്കൻ മേഖലയിൽ നിലവിൽ സർവീസ് നടത്തുന്നത്.

മറ്റൊരു സമുദ്ര നിരീക്ഷണ ഏജൻസിയായ ‘വിൻഡ്‌വാർഡ്’ നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച ഏഴ് വലിയ കപ്പലുകൾ മാത്രമാണ് ഹോർമൂസ് കടന്നുപോയത്. ഇവയെല്ലാം വടക്കൻ പാത വഴിയാണ് യാത്ര ചെയ്തത്. ഇറാന്റെ അനുമതിയില്ലാതെ തങ്ങളുടെ പാത ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, തെക്കൻ മേഖലയിലെ ‘നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ’ പാത വഴി നീങ്ങാൻ ശ്രമിച്ച കപ്പലുകളെ ഇറാൻ തിരിച്ചുവിട്ടതായി ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ, ഇറാന്റെ പ്രധാന എണ്ണ നിക്ഷേപ കേന്ദ്രമായ ഖാർഗ് ഐലൻഡിൽ കെട്ടിക്കിടക്കുന്ന ടാങ്കർ കപ്പലുകളുടെ എണ്ണം 24 ആയി ഉയർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide