ട്രംപ്-മംദാനി കൂടിക്കാഴ്ച നാളെ ന്യൂയോർക്കിൽ; രാഷ്ട്രീയ ഭിന്നതകൾക്കിടയിലും വികസന ചർച്ചകൾക്ക് മുൻഗണന

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. മാൻഹട്ടനിലെ ഔദ്യോഗിക മേയർ വസതിയായ ഗ്രേസി മാൻഷനിൽ വെച്ചാണ് കൂടിക്കാഴ്ച. സിറ്റി ഭരണകൂടവും വൈറ്റ് ഹൗസും ഞായറാഴ്ചയാണ് കൂടിക്കാഴ്ചാ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ന്യൂയോർക്ക് നഗരത്തെയും ജനങ്ങളെയും ബാധിക്കുന്ന വിവിധ ജനകീയ വിഷയങ്ങളിലൂന്നിയാകും ചർച്ചകളെന്ന് സിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയുടെ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല. ഇരു നേതാക്കളും ന്യൂയോർക്ക് സിറ്റിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്. ഇതിനുമുമ്പ് ട്രംപുമായി ചർച്ച നടത്തുന്നതിനായി മേയർ മംദാനി രണ്ട് തവണ വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു.

ന്യൂയോർക്ക് നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും വികസനത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ നവംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ ഭവന നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇവർ ചർച്ച നടത്തിയിരുന്നു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് പുറമെ പല വിഷയങ്ങളിലും തങ്ങൾ ഫോണിലൂടെയും മറ്റും നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് മേയർ മംദാനി വ്യക്തമാക്കി. എന്നാൽ, ഈ സംഭാഷണങ്ങളുടെ സ്വഭാവവും ആവൃത്തിയും വ്യക്തിപരമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രമായ രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ ലോകം ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള മംദാനി, ട്രംപിന്റെ രാഷ്ട്രീയ നയങ്ങളുടെ കടുത്ത വിമർശകനായാണ് മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് മംദാനിയെ ശക്തമായി എതിർക്കുകയും, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് വരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ കടുത്ത ഭിന്നതകൾക്കിടയിലും 2025 നവംബറിൽ ഇരുവരും നടത്തിയ സൗഹാർദ്ദപരമായ കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു.

Trump-Mandani meeting in New York tomorrow; priority given to development discussions despite political differences.

More Stories from this section

family-dental
witywide