ഫ്ലോറിഡയിൽ പ്രളയക്കെടുതി: ഏഴ് കൗണ്ടികളിൽ അടിയന്തരാവസ്ഥ, സ്കൂളുകൾ അടച്ചു, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിൽ

മയാമി: കനത്ത മഴയെത്തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തിൽ ഫ്ലോറിഡയിലെ ഏഴ് കൗണ്ടികളിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബ്രെവാർഡ്, ഡിസോട്ടോ, ഹാർഡി, ഹൈലാൻഡ്സ്, ഇന്ത്യൻ റിവർ, മാർട്ടിൻ, സെന്റ് ലൂസി എന്നീ കൗണ്ടികളിലാണ് അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ-തെക്കൻ ഫ്ലോറിഡയിൽ പെയ്ത ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയത്.

പ്രളയം രൂക്ഷമായതോടെ പ്രമുഖ ഹൈവേകൾ, റോഡുകൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണ്ണമായി നിലച്ച മട്ടാണ്. കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം വരും മണിക്കൂറുകളിൽ കൂടുതൽ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ബാധിത പ്രദേശങ്ങളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രെവാർഡ് കൗണ്ടിയിലും ട്രഷർ കോസ്റ്റിലുമാണ് നിലവിൽ സ്ഥിതി ഏറ്റവും ഗുരുതരം.

പ്രളയ ഭീഷണിയെത്തുടർന്ന് ബ്രെവാർഡ് കൗണ്ടിയിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ അധികൃതർ അവധി പ്രഖ്യാപിച്ചു. ടൈറ്റസ് വില്ലെ, മെൽബൺ, പാം ബേ എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂട ഓഫീസുകളും തെരഞ്ഞെടുപ്പ് ഓഫീസുകളും താൽക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ പ്രകൃതിക്ഷോഭം അധികൃതർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ബദൽ പോളിംഗ് കേന്ദ്രങ്ങൾ ഒരുക്കാൻ തെരഞ്ഞെടുപ്പ് സൂപ്പർവൈസർമാർക്ക് ഗവർണറുടെ ഉത്തരവ് അനുമതി നൽകുന്നുണ്ട്.

സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് സൈറ്റുകളിൽ മാറ്റമുണ്ടായാൽ വോട്ടർമാരെ എത്രയും വേഗം അറിയിക്കുമെന്നും ബ്രെവാർഡ് ഇലക്ഷൻ സൂപ്പർവൈസർ ടിം ബോബാനിക് അറിയിച്ചു. എന്തുതന്നെയായാലും മുൻ നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതി നേരിടുന്ന കൗണ്ടികളെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംസ്ഥാന ദുരന്തനിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്.

Flood crisis in Florida: State of emergency declared in seven counties, schools closed, and election preparations disrupted.

More Stories from this section

family-dental
witywide