ഇത് ശരിയായ പ്രവണതയല്ല, സതീശൻ സർക്കാരിനെതിരെ കെഎസ്‍യു പ്രസിഡന്‍റിന്‍റെ പരസ്യ വിമർശനം, എസ്എഫ്ഐ ‘പ്ലീഡർ’ നിയമന വിവാദം കത്തുന്നു

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ വി.ഡി. സതീശൻ സർക്കാരിനെതിരെ പരസ്യവിമർശനവുമായി കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. തിരുവനന്തപുരം ലോ കോളേജിൽ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ ഗവൺമെന്റ് പ്ലീഡറാക്കി നിയമിച്ചതിനെതിരെയാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തിയത്. ഇതോടെ പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. ലോ കോളേജിൽ കെഎസ് യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്ന വ്യക്തിയെ നിയമിച്ച നടപടി അടിയന്തരമായി തിരുത്തണമെന്നാണ് അലോഷ്യസ് ആവശ്യപ്പെടുന്നത്.

സംഘടനയ്ക്ക് വേണ്ടി ഇക്കാലമത്രയും തെരുവിൽ ചോരയൊഴുക്കിയവരെയും കേസുകളിൽ പ്രതികളായവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്ന് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിനും വേണ്ടിയല്ല താൻ സംസാരിക്കുന്നത്. എന്നാൽ വഴിയിൽക്കൂടി പോകുന്ന എസ്‌എഫ്‌ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിനില്ലെന്നും സ്വന്തം സഹപ്രവർത്തകരെ കണ്ടില്ലെന്ന് നടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ കെഎസ് യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണതയാണെന്നും അലോഷ്യസ് കുറ്റപ്പെടുത്തി. പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ അവഗണനയാണ് പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. “കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ” എന്ന അവസ്ഥ വന്നതിനാലാണ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തുവരേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

KSU President Aloshious Xavier Sparks Row Over Appointment of Former SFI Activist as Government Pleader

More Stories from this section

family-dental
witywide