ശസ്ത്രക്രിയയ്ക്കിടെ കയ്യബദ്ധം; പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തു: ഫ്ലോറിഡയിൽ ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ പ്ലീഹയ്ക്ക് പകരം അബദ്ധത്തിൽ കരൾ നീക്കം ചെയ്ത ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി. 44-കാരനായ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. തോമസ് ഷക്നോവ്സ്കിക്കെതിരെയാണ് രണ്ടാം ഡിഗ്രി നരഹത്യയ്ക്ക് കേസ് എടുത്തിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരമായ പിഴവിനെത്തുടർന്ന് അലബാമ സ്വദേശിയായ വില്യം ബ്രയാൻ (70) എന്ന രോഗി മരിച്ചിരുന്നു.

2024 ഓഗസ്റ്റ് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. മിരാമർ ബീച്ചിലെ അസെൻഷൻ സേക്രഡ് ഹാർട്ട് ആശുപത്രിയിൽ വെച്ച് പ്ലീഹ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കാണ് ബ്രയാനെ വിധേയനാക്കിയത്. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ഡോക്ടർക്ക് അബദ്ധം സംഭവിക്കുകയും കരൾ മുറിച്ചെടുക്കുകയുമായിരുന്നു. ഇതേത്തുടർന്നുണ്ടായ കഠിനമായ രക്തസ്രാവമാണ് മരണകാരണം. കരളിനെ പ്ലീഹ എന്ന് തെറ്റായി തിരിച്ചറിഞ്ഞതാണ് അപകടത്തിന് വഴിവെച്ചത്.

സംഭവത്തിന് പിന്നാലെ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ മുൻപും ഇദ്ദേഹത്തിന് ശസ്ത്രക്രിയയിൽ പിശക് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒരിക്കൽ അഡ്രിനൽ ഗ്രന്ഥിക്ക് പകരം പാൻക്രിയാസിൻ്റെ ഭാഗമാണ് ഇദ്ദേഹം നീക്കം ചെയ്തത്. സംഭവത്തിൽ ഡോക്ടർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും നിയമപോരാട്ടം തുടരുമെന്ന് മരിച്ച രോഗിയുടെ കുടുംബം അറിയിച്ചു.

Florida doctor charged with manslaughter after liver removed instead of spleen during surgery

More Stories from this section

family-dental
witywide