
സൈജൻ കണിയോടിക്കൽ
നൂയോർക്ക്: കേരളത്തിലെ നിർധനരായ 20 കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നിർമിച്ചുനൽകുക എന്ന ലക്ഷ്യത്തോടെ ഫോമാ (Federation of Malayalee Associations of Americas) നടപ്പാക്കുന്ന 20-20 ഭവനപദ്ധതിയുടെ ഭാഗമായി നാല് വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫോമയുടെ ഇരുപതാം വാർഷികമായ 2028-ഓടെ 20 കുടുംബങ്ങൾക്ക് സ്വന്തം വീടുകൾ കൈമാറുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
മുൻ ഫോമാ പ്രസിഡന്റുമാരായ ഡോ. ജേക്കബ് തോമസിന്റെയും ബേബി മണക്കുന്നേലിന്റെയും ഭരണകാലത്ത് നീക്കിയിരിപ്പായി സൂക്ഷിച്ചിരുന്ന തുക വിനിയോഗിച്ചാണ് പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. അമേരിക്കൻ മലയാളികളെയും വിവിധ സംഘടനകളെയും പദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വീടിന്റെ നിർമാണച്ചെലവ് അമേരിക്കൻ മലയാളിയും ഫോമാ നേതാവുമായ പി.ടി. തോമസ് സ്പോൺസർ ചെയ്തു.
ന്യൂയോർക്ക് സ്റ്റേറ്റിൽ ടാക്സ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന പി.ടി. തോമസ് അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ സാമൂഹിക-സംഘടനാ പ്രവർത്തകനാണ്. ഫോമയുടെ ആരംഭകാലം മുതൽ സംഘടനയുമായി സഹകരിക്കുന്ന അദ്ദേഹം എംപയർ റീജിയന്റെ റീജിയണൽ വൈസ് പ്രസിഡന്റായും ആറു വർഷത്തോളം ഫോമാ ഓഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സാമൂഹിക, സാംസ്കാരിക, മതസംഘടനകളിലും സജീവ സാന്നിധ്യമായ അദ്ദേഹം സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും ഭാഗമായാണ് ഈ ഭവനപദ്ധതിയിൽ സ്പോൺസറായി പങ്കുചേരുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് ചെങ്ങരൂരിൽ ചൂരക്കുട്ടിക്കൽ കുടുംബത്തിനായി നിർമിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ നിർവഹിച്ചു.
എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ അയപ്പാറയിൽ നിർമിക്കുന്ന രണ്ടാമത്തെ വീടിന്റെ നിർമാണോദ്ഘാടനം കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം നിർവഹിച്ചു. ചടങ്ങിൽ ഫോമാ മുൻ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, 2028-ലെ ഫോമാ കൺവെൻഷൻ ചെയർമാൻ ഷാലു പുന്നൂസ്, ബിജു സക്കറിയ എന്നിവർ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ പിറവം, പാഴൂരിൽ കല്ലുമരിയാൽ കുടുംബത്തിനായി നിർമിക്കുന്ന മൂന്നാമത്തെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമായി.
നാലാമത്തെ വീട് കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലെ കിളിയന്തറയിലാണ് നിർമിക്കുന്നത്. ഈ വീടിന്റെ തറക്കല്ലിടൽ കർമ്മം കേരള വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും.
ഫോമയുടെ ഇരുപതാം വാർഷികം 2028-ൽ ആഘോഷിക്കുമ്പോൾ കേരളത്തിലെ 20 നിർധന കുടുംബങ്ങൾക്ക് സുരക്ഷിതമായ സ്വന്തം വീടുകൾ സമ്മാനിക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. മുൻകാല നേതൃത്വങ്ങൾ രൂപപ്പെടുത്തിയ സാമ്പത്തിക അടിത്തറയും നിലവിലെ നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനവും അമേരിക്കൻ മലയാളികളുടെ സഹകരണവും ഒത്തുചേരുന്നതിലൂടെ വലിയൊരു സാമൂഹിക മുന്നേറ്റമായി ഈ പദ്ധതി മാറുകയാണ്.
ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ, ജനറൽ സെക്രട്ടറി പോൾ പി. ജോസ്, ട്രഷറർ പ്രദീപ് നായർ, വൈസ് പ്രസിഡന്റ് സാമുവൽ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
ഈ കാരുണ്യപദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിന് കൂടുതൽ വ്യക്തികളും മലയാളി സംഘടനകളും സ്പോൺസർഷിപ്പുമായി മുന്നോട്ടുവരണമെന്ന് ഫോമാ നേതൃത്വം അഭ്യർഥിച്ചു. ഓരോ വീടും ഒരു കുടുംബത്തിന് നൽകുന്നത് കേവലം താമസസൗകര്യം മാത്രമല്ല, സുരക്ഷിതമായ ജീവിതവും പുതിയ പ്രതീക്ഷയുമാണ്.














