
എ.എസ് ശ്രീകുമാര്‍
കോതമംഗലം: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച ‘ഫോമാ 20-20 ഹൗസിങ് പ്രോജക്ടി’ന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ വീടിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ 6-ന് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില്‍ അയപ്പാറയില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, അങ്കമാലി എം.എല്‍.എ ഷിബു തെക്കുംപുറം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസും സന്നിഹിതനായിരിക്കും.
2028-ല്‍ സംഘടനയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും കേരളത്തിലെ അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് 20 വീടുകള്‍ നിര്‍മിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫോമാ 20-20 ഹൗസിങ് പ്രോജക്ടിന് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരില്‍ തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമന്‍ തറക്കല്ലിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാകുന്നത്.
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു കുടുംബത്തിന്റെയും അടിസ്ഥാന സ്വപ്നമാണ്. സാമ്പത്തിക പരാധീനതകള്‍ മൂലം ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഫോമാ ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. വിദേശത്ത് താമസിക്കുന്ന മലയാളികള്‍ ജന്മനാടിന്റെ സാമൂഹികവും മാനുഷികവുമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നടത്തുന്ന ഇടപെടലുകളുടെ ഉത്തമ മാതൃക കൂടിയാണ് ഈ ഭവനപദ്ധതി.
ഫോമയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി പ്രഖ്യാപിച്ച പ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ് ‘ഫോമാ 20-20 ഹൗസിങ് പ്രോജക്ട്’. സംഘടനയുടെ ഇരുപതാം വാര്‍ഷികം കേവലം ആഘോഷങ്ങളില്‍ ഒതുക്കാതെ, അര്‍ഹരായ കുടുംബങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാഭ്യാസം, ചികിത്സ, ഭവനനിര്‍മാണം, സ്ത്രീശാക്തീകരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം തുടങ്ങിയ മേഖലകളില്‍ ഫോമാ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ പദ്ധതി. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയും കേരളത്തിലെ അര്‍ഹരായ കുടുംബങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചമാകുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.
ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ്, ട്രഷറര്‍ പ്രദീപ് നായര്‍, വൈസ് പ്രസിഡന്റ് സാമുവല്‍ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പ്രഖ്യാപിച്ച ഭവനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത്.
രണ്ടാമത്തെ വീടിന്റെ നിര്‍മാണത്തിന് തുടക്കമാകുന്നതോടെ, 2028-ഓടെ 20 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗം കൈവരും. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് സ്വന്തം ഭവനമൊരുക്കി നല്‍കുന്നതിലൂടെ, സംഘടനയുടെ ഇരുപതാം വാര്‍ഷികത്തെ സേവനത്തിന്റെയും കരുതലിന്റെയും മാനവികതയുടെയും സ്മരണീയ മുഹൂര്‍ത്തമാക്കി മാറ്റുകയാണ് ഫോമായുടെ പുതിയ എക്‌സിക്യൂട്ടീവ് ടീം.















