മെയ് 16 ശനിയാഴ്ച ടാമ്പാ സെൻ്റ് ജോസഫ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടാമ്പാ സൺഷൈൻ റീജിയൻ കുടുംബ സംഗമം വൻപിച്ച ജനപങ്കാളിത്തവും വൈവിദ്ധ്യമാർന്ന ഹൃദയഹാരിയായ കലാപരിപാടികൾ കൊണ്ടും വൻ വിജയമായി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് കൂടിയ ഈ ആഘോഷവേള ഐക്യത്തിൻ്റെയും സൗഹൃദത്തിൻ്റേയും സാമൂഹിക ബന്ധത്തിൻ്റെയും സംഗമ വേദിയായി. സാമൂഹ്യ സാംസ്‌കാരിക സാമുദായിക നായകന്മാരോടൊപ്പം ഫോമായുടെ ദേശീയ നേതാക്കന്മാരും സമ്മേളനത്തിൽ പങ്കാളികളായി. വിശിഷ്ടാതിഥികളെ ചെണ്ടമേളത്തിൻ്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ വേദിയിലേക്കാനയിച്ചു.

റീജിയണൽ വൈസ് പ്രസിഡൻ്റ് ജോമോൻ ആൻ്റണി വിശിഷ്‌ടാതിഥികൾക്കും സദസ്യർക്കും സ്വാഗതം ആശംസിച്ചു. സൺഷൈൻ റീജിയൻ്റെ ഈ വർഷത്തെ എല്ലാ പരിപാടികളും വൻ വിജയമാക്കി തീർക്കുവാൻ സഹകരിച്ച് സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തി.ചീഫ് ഗസ്റ്റായി പങ്കെടുത്ത ഫാദർ ജോർജ് വർക്കി സൺഷൈൻ റീജിയൻ്റെ മഹത്തായ പ്രവർത്തനങ്ങളെ അനുമോദിച്ചു. സുവനീറിൻ്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു.
വിശിഷ്ടാതിഥിയായി എത്തിയ ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, നാഷണൽ കൺവെൻഷൻ കിക്ക്ഓഫ് ഉദ്ഘാടനം ചെയ്തു. ഫോമയുടെ ജീവകാര്യണ്യ പ്രവർത്തനങ്ങളെപ്പറ്റിയും ഹൂസ്റ്റണിൽ നടക്കുവാനിരിക്കുന്ന കൺവെൻഷനെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. സൺഷൈൻ റീജിയൻ സെക്രട്ടറി നെവിൻ ജോസ് നന്ദി പ്രകാശനം നടത്തി.തുടർന്ന് അരങ്ങേറിയ സംഗീതവും നൃത്തവും മറ്റു വർണ്ണശബളമായ കലാപരിപാടികളും ഈ കുടുംബസംഗമ രാവിന് മിഴിവേകി. വിഭവസമൃദ്ധമായ ഡിന്നറോടു കൂടി പരിപാടികൾക്ക് പരിസമാപ്‌തിയായി.
Fomaa Sunshine Region Family Reunion and National Kickoff in a Colorful Atmosphere














