ഇസ്രായേൽ വിമർശനത്തിൻ്റെ പേരിൽ വിദേശ വിദ്യാർത്ഥികളെ നാടുകടത്താനാകില്ല: ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി ഫെഡറൽ കോടതി വിധി

വാഷിംഗ്ടൺ: ഗാസയിലെ ഇസ്രായേൽ യുദ്ധത്തെ വിമർശിക്കുന്ന വിദേശ വിദ്യാർത്ഥികളെയും മറ്റ് പൗരന്മാരല്ലാത്തവരെയും നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. ക്യാമ്പസുകളിൽ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സർക്കാർ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് കാലിഫോർണിയ ഫെഡറൽ കോടതി വിധിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജഡ്ജി നോയൽ വൈസ് വ്യക്തമാക്കി.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പത്രമായ ‘ദി സ്റ്റാൻഫോർഡ് ഡെയ്‌ലി’ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക വിധി. നാടുകടത്തൽ ഭീഷണിയെത്തുടർന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കടുത്ത ഭയത്തിലാണെന്നും പത്രപ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

“സർക്കാരിനെ അനുകൂലിക്കുന്ന അഭിപ്രായങ്ങൾ മാത്രം പ്രകടിപ്പിക്കാനാണ് സ്വാതന്ത്ര്യമെങ്കിൽ, ആ അഭിപ്രായസ്വാതന്ത്ര്യം വെറുമൊരു മിഥ്യ മാത്രമാണ്,” എന്ന് ജഡ്ജി നോയൽ വൈസ് വിധിന്യായത്തിൽ കുറിച്ചു. മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യങ്ങൾ അമേരിക്കൻ ജനാധിപത്യത്തിൻ്റെ അടിത്തറയാണ്. ഇസ്രായേലിനെതിരെ സംസാരിച്ചാൽ വിസ റദ്ദാക്കി നാടുകടത്തുമെന്ന സർക്കാരിൻ്റെ ഭീഷണി ക്യാമ്പസുകളെ ഭയത്തിൻ്റെ നിശബ്ദതയിലേക്ക് തള്ളിവിട്ടതായും കോടതി നിരീക്ഷിച്ചു.

സമാനമായ കേസിൽ ഏകദേശം ഒരു വർഷം മുമ്പ് ബോസ്റ്റൺ ഡിസ്ട്രിക്റ്റ് കോടതിയും ട്രംപ് ഭരണകൂടത്തിൻ്റെ നാടുകടത്തൽ നീക്കങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. യു.എസ് ഇമിഗ്രേഷൻ അധികൃതർ പലസ്തീൻ അനുകൂലികൾക്കെതിരെയും, കൺസർവേറ്റീവ് നേതാവ് ചാർളി കിർക്കിൻ്റെ വധത്തെ തുടർന്ന് അദ്ദേഹത്തെ വിമർശിച്ചവർക്കെതിരെയും രാഷ്ട്രീയ പ്രതികാരത്തോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി വിധിയെ ‘ദി സ്റ്റാൻഫോർഡ് ഡെയ്‌ലി’ എഡിറ്റർ ഇൻ ചീഫ് ജോർജ്ജ് പോർട്ടിയസ് സ്വാഗതം ചെയ്തു. ഒരു വാർത്ത എഴുതുന്നതിൻ്റെ പേരിൽ റിപ്പോർട്ടർമാർക്ക് ഇനി നാടുകടത്തൽ ഭയപ്പെടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് കോടതിയിലെത്തിച്ച ‘ഫൗണ്ടേഷൻ ഫോർ ഇൻഡിവിജ്വൽ റൈറ്റ്‌സ് ആൻഡ് എക്‌സ്‌പ്രഷൻ’ സംഘടനയും വിധിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു. സർക്കാരിനോട് യോജിക്കുന്നവർക്ക് മാത്രമല്ല അമേരിക്കയിൽ അഭിപ്രായ സ്വാതന്ത്ര്യമുള്ളതെന്ന് സംഘടനയുടെ അഭിഭാഷകൻ കോനർ ഫിറ്റ്‌സ്‌പാട്രിക് പ്രസ്താവിച്ചു.

അതേസമയം, കോടതി വിധിയോട് പ്രതികരിക്കാൻ യു.എസ് നീതിന്യായ വകുപ്പ് തയ്യാറായിട്ടില്ല. രാജ്യത്തിൻ്റെ വിദേശനയങ്ങളെയോ സൈനിക ഇടപെടലുകളെയോ വെല്ലുവിളിക്കാനും വിമർശിക്കാനും പൗരന്മാർക്കെന്നപോലെ വിദേശികൾക്കും തുല്യ അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി അവസാനിപ്പിക്കുന്നത്.

Foreign students cannot be deported for criticizing Israel: Federal court ruling in blow to Trump administration