അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് രാത്രി ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള കോണി ഐലൻഡിൽ ഉണ്ടായ വെടിവെപ്പിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10:37 ഓടെ വെസ്റ്റ് 31-ാം സ്ട്രീറ്റിലെ 2900 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് (NYPD) അറിയിച്ചു. പരിക്കേറ്റവരിൽ 37, 33 വയസുള്ള രണ്ട് പുരുഷന്മാരും 25, 21 വയസുള്ള രണ്ട് സ്ത്രീകളും 14, 12, 7, 6 വയസുള്ള നാല് ആൺകുട്ടികളും ഉൾപ്പെടുന്നു.
പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴുപേരുടെ നില തൃപ്തികരമാണെന്നും വെടിയേറ്റ 21 വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് അന്വേഷണസംഘം ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി വരെ പ്രതികളാരും അറസ്റ്റിലായിട്ടില്ലെന്നും വെടിവെപ്പിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എൻവൈപിഡി കൂട്ടിച്ചേർത്തു.
Fourth of July shooting in US: 8 injured, including 4 children, in Brooklyn’s Coney Island










