
ഷിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തുള്ള വെസ്റ്റേൺ സ്പ്രിംഗ്സിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ കാറിൽ ആംട്രാക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മേവുഡിലെ ലയോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെ വുൾഫ് റോഡിലെ റെയിൽവേ ക്രോസിംഗിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഷിക്കാഗോയിൽ നിന്ന് ക്വിൻസിയിലേക്ക് പോകുകയായിരുന്ന ആംട്രാക്ക് ട്രെയിൻ നമ്പർ 381 ട്രാക്കിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. ബർ റിഡ്ജിലെ പ്ലസന്റ്ഡെയ്ൽ സ്കൂൾ ഡിസ്ട്രിക്റ്റ് 107-ലെ വിദ്യാർത്ഥികളാണ് മരിച്ചതെന്ന് സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു.
ട്രെയിനിലുണ്ടായിരുന്ന 35 യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി ആംട്രാക്ക് പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തി. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം മേഖലയിലെ ബിഎൻഎസ്എഫ് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഉച്ചയ്ക്ക് ശേഷമാണ് ഗതാഗതം ഭാഗികമായി പുനരാരംഭിക്കാനായത്.
വിദ്യാർത്ഥികളുടെ വിയോഗത്തിൽ സ്കൂൾ അധികൃതർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് ദൃക്‌സാക്ഷികളായി മാനസികാഘാതം നേരിടുന്നവർക്ക് കൗൺസിലിംഗ് നൽകുന്നതിനായി വില്ലേജ് ഹാളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A train struck a car stranded on railway tracks in Chicago, causing it to catch fire; two children met a tragic end.















