യുകെ മലയാളികൾക്ക് താങ്ങായി ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ ‘കേൾക്കാം’ കാമ്പയിൻ; മാനസിക സമ്മർദ്ദങ്ങൾക്കും ആത്മഹത്യാ പ്രവണതയ്ക്കുമെതിരെ വിപുലമായ ബോധവൽക്കരണം

സ്വന്തം കിഡ്നി ദാനം ചെയ്ത് അവയവദാന രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ഫാ. ഡേവിസ് ചിറമ്മൽ യുകെ മലയാളികൾക്കായി പുതിയൊരു ജീവകാരുണ്യ ദൗത്യവുമായി വീണ്ടും ബ്രിട്ടനിലെത്തി. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ യുകെയിലെ മലയാളി സമൂഹത്തിനിടയിൽ ഒറ്റപ്പെടലും ആത്മഹത്യാ പ്രവണതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ‘കേൾക്കാം’ (Let’s Listen) എന്ന പേരിൽ പുതിയൊരു മാനസികാരോഗ്യ ബോധവൽക്കരണ കാമ്പയിന് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. യുകെയിൽ ചുരുങ്ങിയത് മൂന്ന് ജീവനുള്ള അവയവദാനങ്ങൾക്ക് മുൻകൈ എടുത്ത ശേഷമാണ്, പ്രവാസികൾ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങൾക്ക് ആശ്വാസമേകാൻ ‘നിങ്ങളും ഞങ്ങളും വ്യത്യാസമില്ലാതെ പരസ്പരം കേൾക്കാം’ എന്ന സന്ദേശവുമായി അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കോവിഡ് കാലത്തിനുശേഷം യുകെയിലെ വിവിധ ഭാഗങ്ങളിൽ മലയാളികളെ താമസസ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്ന സംഭവങ്ങൾ വർദ്ധിച്ചതിന് പിന്നിൽ കൃത്യമായ മാനസിക സമ്മർദ്ദങ്ങളുണ്ടെന്ന യാഥാർത്ഥ്യമാണ് ഈ കാമ്പയിനിലേക്ക് നയിച്ചത്. വിസ തട്ടിപ്പിന് ഇരയായവർ, കടുത്ത കടബാധ്യതയിൽ നട്ടംതിരിയുന്നവർ, ജോലിയില്ലാത്തവരും ജോലിസ്ഥലങ്ങളിൽ കടുത്ത അപമാനങ്ങൾ നേരിടുന്നവരും, കുടുംബപ്രശ്നങ്ങളിൽ ഉഴലുന്നവർ, വിദേശത്തെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാതെ വിഷമിക്കുന്നവർ എന്നിവരെയെല്ലാം ചേർത്തുപിടിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാനസിക പ്രതിസന്ധികളുടെ ഘട്ടത്തിൽ ആശ്വാസത്തോടെ ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതെ പോകുന്നതാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നതുകൊണ്ട് തന്നെ, അവരെ കേൾക്കാനുള്ള ഒരു സംസ്കാരം മലയാളി സമൂഹത്തിൽ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും മലയാളികൾക്ക് സഹായത്തിനായി വിളിക്കാവുന്ന ഒരു ആഗോള കൗൺസിലിംഗ് പ്ലാറ്റ്‌ഫോമാണ് ‘കേൾക്കാം’. ഇതിനോടകം തന്നെ പ്രത്യേക പരിശീലനം സിദ്ധിച്ച നാന്നൂറോളം മനശാസ്ത്ര വിദഗ്ദ്ധർ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി സേവനമനുഷ്ഠിക്കാൻ സജ്ജരായിക്കഴിഞ്ഞു. തുടക്കത്തിൽ തന്നെ മൂവായിരത്തി ഇരുന്നൂറിലധികം ഫോൺ കോളുകൾ വിജയകരമായി കൈകാര്യം ചെയ്യാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ സൈക്കോളജിസ്റ്റായ തൃശൂർ സ്വദേശി ഡോ. ജെസ്ന തോട്ടിയാൻ ജോണിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് യുകെയിൽ ഈ കാമ്പയിൻ വിപുലമാക്കുന്നത്. ജൂൺ 11 വരെ യുകെയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഫാ. ചിറമ്മലിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് നടന്നു വരുന്നത്.

ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ബ്രിസ്റ്റോൾ, സതാംപ്ടൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സന്ദർശനം നടത്തുന്ന ഫാ. ഡേവിസ് ചിറമ്മൽ, രാജ്യത്തുടനീളം ആയിരം യുവ വോളന്റിയർമാരെ ഈ കാമ്പയിന്റെ ഭാഗമായി സജ്ജമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ‘സൈൻ പോസ്റ്റിംഗ് വോളന്റിയേഴ്സ്’ എന്നറിയപ്പെടുന്ന ഇവർ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് മലയാളത്തിൽ സഹായം ലഭ്യമാകുന്ന ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് വഴികാട്ടികളായി പ്രവർത്തിക്കും. ഇതിനോടകം തന്നെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, സൈക്യാട്രിസ്റ്റുകൾ, നഴ്‌സുമാർ, ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ആയിരത്തോളം പേർ വോളന്റിയർമാരായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഈ പദ്ധതിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലണ്ടൻ ടവർ ബ്രിഡ്ജ് മുതൽ പാർലമെന്റ് വരെ വോളന്റിയർമാർ പങ്കെടുത്ത പ്രത്യേക പദയാത്രയും സംഘടിപ്പിച്ചിരുന്നു.

ജസ്റ്റിസ് കുര്യൻ ജോസഫ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സന്തോഷ് ജോർജ് കുളങ്ങര, സോളിസിറ്റർ ഫ്രാൻസിസ് അസീസി എന്നിവർ പാട്രൺമാരായുള്ള ഈ വലിയ പ്രൊജക്റ്റിന്റെ ഗ്ലോബൽ പ്രൊജക്റ്റ് ഹെഡ് ദീപക് ഡൊമിനിക്കാണ്. സിബി തോമസ്, മിനിജ, അജിമോൾ, അൻസി മുരളി അസീസി എന്നിവരാണ് ഇതിന്റെ പ്രധാന കോർഡിനേറ്റർമാർ. നഴ്‌സുമാരും കെയറർമാരും വിദ്യാർത്ഥികളുമടക്കം അഞ്ച് ലക്ഷത്തോളം മലയാളികളാണ് നിലവിൽ ബ്രിട്ടനിലുള്ളത്. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് ഒരു ഫോൺ കോളിലൂടെയോ ആശ്വാസ വാക്കിലൂടെയോ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന സന്ദേശമാണ് ഈ കാമ്പയിൻ നൽകുന്നത്. സഹായം ആവശ്യമുള്ളവർക്കും കാമ്പയിന്റെ ഭാഗമാകാൻ താല്പര്യമുള്ളവർക്കും 0044-7544180000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Fr Davis Chiramel launches ‘Let’s Listen’ campaign in UK to support Keralites facing mental distress

More Stories from this section

family-dental
witywide