അമേരിക്കയിൽ വീണ്ടും കൂട്ടവെടിവെപ്പ്; അരിസോണയിൽ ഒമ്പത് പേർക്ക് വെടിയേറ്റു, പ്രതിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവെപ്പ്. അരിസോണ സംസ്ഥാനത്തെ ടൂസൺ നഗരത്തിലെ തിരക്കേറിയ വിനോദമേഖലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ അക്രമിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ടൂസൺ നഗരമധ്യത്തിൽ സംഭവം നടന്നത്. അവധി ആഘോഷിക്കാനെത്തിയ ആളുകളെ കൊണ്ട് പ്രദേശം നിറഞ്ഞുനിന്ന സമയത്താണ് അക്രമി അപ്രതീക്ഷിതമായി വെടിയുതിർക്കാൻ തുടങ്ങിയത്.

കാൽനട പട്രോളിംഗിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ട് ഉടൻ സംഭവസ്ഥലത്തെത്തി. പ്രതിയോട് പലതവണ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാത്തതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥൻ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് ടൂസൺ പൊലീസ് വക്താവ് ഫ്രാങ്ക് മാഗോസ് അറിയിച്ചു.

വെടിയേറ്റ ഒമ്പത് പേരും പ്രായപൂർത്തിയായവരാണ്. കൈകാലുകളിൽ വെടിയേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ പ്രതിയുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വെടിവെപ്പിന് മുമ്പ് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് വഴിവെച്ചതോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

സംഭവത്തിൽ പൊലീസ് വെടിവെപ്പും ഉണ്ടായതിനാൽ പിമ കൗണ്ടി ഷെരീഫ് ഓഫീസാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ടൂസൺ മേയർ റെജീന റൊമേറോ സംഭവത്തെ അപലപിച്ചു. അതേസമയം, 2011-ൽ ടൂസണിൽ നടന്ന വെടിവെപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുൻ യു.എസ്. കോൺഗ്രസ് അംഗം ഗാബി ഗിഫോർഡ്സും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.

At least nine people were critically injured early Sunday when a gunman opened fire in a busy entertainment district in Tucson, Arizona

More Stories from this section

family-dental
witywide