അമേരിക്കക്ക് വീണ്ടും തിരിച്ചടി; ഇറാഖിൽ യുഎസ് സൈനികൻ കൊല്ലപ്പെട്ടു, ഒൻപതാം ദിവസവും ഇറാനിൽ വ്യോമാക്രമണം

വാഷിങ്ടൺ: വടക്കൻ ഇറാഖിൽ ഇറാന്റെ ഡ്രോൺ അവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. സംഭവത്തിൽ മറ്റൊരു സൈനികന് പരിക്കേറ്റെങ്കിലും അത് ഗുരുതരമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. വെടിവെച്ചിട്ടിറക്കിയ ഇറാനിയൻ ഡ്രോണിന്റെ (One-way Attack Drone) പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കൾ നിയന്ത്രിത രീതിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇതോടെ ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17ആയി.

ഫെബ്രുവരി 28-നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ‘വിപുലമായ സൈനിക നടപടികൾ’ പ്രഖ്യാപിച്ചത്. തുടർന്ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിലെ സൈനിക, സർക്കാർ, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങൾ നടത്തി. ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചെങ്കിലും, ഇരു രാജ്യങ്ങളും പരസ്പര ആക്രമണങ്ങൾ തുടരുകയാണ്. ഹോർമുസ് കടലിടുക്കാണ് നിലവിലെ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി തുടരുന്നത്.

ഇതിനിടെ ഞായറാഴ്ച രാത്രിയും ഇറാനെതിരെ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തി. തുടർച്ചയായ ഒൻപതാം ദിവസമാണ് അമേരിക്കൻ സൈന്യം ആക്രമണം നടത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകളെയും സാധാരണ കപ്പൽ ജീവനക്കാരെയും ആക്രമിക്കാൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണങ്ങളെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷി, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവയാണ് പുതിയ ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

US service member killed, another wounded, CENTCOM says

More Stories from this section

family-dental
witywide