
ന്യൂയോര്ക്ക്: കാല്നൂറ്റാണ്ടിലധികം അമേരിക്കയിലെ സിറോ മലബാര് വിശ്വാസികള്ക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ രണ്ടാമത് അനുസ്മരണവും ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില് നടത്തുന്ന ”ചാരിറ്റി ഡിന്നറും” നവംബര് 14 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ബ്രോങ്ക്സ് സെയിന്റ് തോമസ് സീറോ മലബാര് ഫൊറോനാ ദേവാലയത്തില് വച്ചു നടക്കും.
നാല് മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്ബ്ബാനയ്ക്ക് ഷിക്കാഗോ രൂപത മുന് ബിഷപ്പ് മാര് ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്മ്മികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ.
കുര്യാക്കോസ് വടാന, റവ. ഫാ. തദേവൂസ് അരവിന്ദത്ത്, റവ. ഫാ. ജോണ്സ്റ്റി തച്ചറ, റവ. ഫാ. ഫ്രാന്സിസ് നമ്പ്യാപറമ്പില് എന്നിവര് സഹ കാര്മ്മികരും ആയിരിക്കും. തുടര്ന്നു പാരിഷ് ഹാളില് നടക്കുന്ന ജോസച്ചന് അനുസ്മരണം മാര് ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓര്മ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിര്ത്തുന്നതിനുവേണ്ടി രൂപീകരിച്ച ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്”, ദൈവ വിളികള് പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാര്ത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്ക്ക് പഠന സഹായം എത്തിക്കുക, വൃക്ക രോഗികള്ക്ക് ചികിത്സാ സഹായം നല്കുക തുടങ്ങി നിരവധി പ്രവര്ത്തനങ്ങള് ലക്ഷ്യമിടുന്നു. ചാരിറ്റി ഡിന്നറിലൂടെ സമാഹരിക്കുന്ന തുക പൂര്ണ്ണമായും ഈ പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്നതാണ്.
നോണ് പ്രോഫിറ്റ് ഓര്ഗനൈസഷനായി ഡിപ്പാര്ട്മെന്റ് ഓഫ് സ്റ്റേറ്റില് രജിസ്റ്റര് ചെയ്തിട്ടുള്ള ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു 501(സി)(3) സ്റ്റാറ്റസും ലഭിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം, ജോസച്ചന്റെ ഒന്നാം ചരമവാര്ഷിക ആചരണത്തില് വച്ച് ബിഷപ്പ് മാര് ജോയ് ആലപ്പാട്ടാണ് നിര്വ്വഹിച്ചത്.
11 അംഗ ഡയറക്ടര് ബോര്ഡാണ് ഫൗണ്ടേഷന്റെ ഭരണച്ചുമതല വഹിക്കുന്നത്. ഷോളി കുമ്പിളുവേലി (ചെയര്മാന്), ബിജു കാപ്പുകാട്ട് (സെക്രട്ടറി), ജോസഫ് കാഞ്ഞമല സിപിഎ (ട്രഷറര്), കൂടാതെ ടോം പെരുമ്പായില് (സോമര്സെറ്റ്, ന്യൂജേഴ്സി), ബാബു ജോസഫ് സി.പി.എ. (പാറ്റേഴ്സണ് , ന്യൂജേഴ്സി), ജേക്കബ് ചൂരവടി (റോക്ലാന്ഡ്, ന്യൂയോര്ക്ക്), പൈലപ്പന് കണ്ണൂക്കാടന് (ഷിക്കാഗോ), ടോം വി. തോമസ് (സ്റ്റാറ്റന് ഐലന്ഡ്, ന്യൂയോര്ക്ക്), ലാലി കളപ്പുരക്കല് (ലോങ്ങ് ഐലന്ഡ്, ന്യൂയോര്ക്ക്), ഷേര്ലി അടാട്ട് (ബ്രോങ്ക്സ്, ന്യൂയോര്ക്ക്), ജോണ് വാളിപ്ലാക്കല് (ബ്രോങ്ക്സ്, ന്യൂയോര്ക്ക്) എന്നിവര് നിലവില് ഫൗണ്ടേഷന്റെ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കുന്നു.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഹ്രസ്വ ജീവചരിത്രം
1945 മെയ് 30 ന് തീയതി പാലക്കാട്ട് ജില്ലയിലെ കാഞ്ഞിരപ്പുഴ- കണ്ടത്തിക്കുടി ജോണ് – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962ല് തലശ്ശേരി മൈനര് സെമിനാരിയില് ചേര്ന്നു. തുടര്ന്നു വടവാതൂര് സെമിനാരിയിലും റോമിലെ അര്ബന് യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂര്ത്തിയാക്കി, 1971 മാര്ച്ച് 27 -)ീ തീയതി വത്തിക്കാനില്വച്ചു കര്ദ്ദിനാള് ആഗ്നെലോ റോസ്സിയില് നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
1973 ല് കേരളത്തില് തിരിച്ചെത്തി, തലശ്ശേരി- മണിമൂളി ഇടവകയില് അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ച ജോസച്ചന്, കല്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ ഇടവകകളില് വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ, കൂനൂര്, ബാര്ലിയര്, വരുവന്കാടു എന്നിവിടങ്ങളില് ഇടവകകള് സ്ഥാപിക്കുകയും വികാരിയായി സേവനവും ചെയ്തു. തലശ്ശേരി- മാനന്തവാടി രൂപതകളിലെ വിവിധ ആദ്ധ്യാത്മിക മേഖലകളിലും ജോസച്ചന് പ്രവര്ത്തിച്ചിട്ടുണ്ട്.
മാനന്തവാടി സെന്റ് ജോസഫ്് പ്രസ് മാനേജര്, മാനന്തവാടി രൂപതയുടെ ചാന്സലര്, മതബോധന ഡയറക്ടര്, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്, സെന്റ് ജോസഫ് ഹോസ്പിറ്റല് ഡയറക്ടര്, തൂങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളില് സേവനം ചെയ്തട്ടുണ്ട്. അമേരിക്കയിലെ സീറോ മലബാര് വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി, സിനഡ് തീരുമാന പ്രകാരം 1995 ല് അമേരിക്കയില് എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, തുടക്കത്തില് ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്കി, തുടര്ന്നു ന്യൂ ജേഴ്സിയിലെയും, ന്യൂയോര്ക്കിലേയും വിവിധ സ്ഥലങ്ങളിലും സീറോ മലബാര് വിശ്വാസികളെ സംഘടിപ്പിക്കുകയും ഇടവകകള് സ്ഥാപിക്കുകയും ചെയ്യ്തു.

2002 മാര്ച്ച് മാസം ന്യൂയോര്ക്കിലെ ബ്രോക്സില് സെന്റ് തോമസ് സീറോ മലബാര്
ഇടവക സ്ഥാപിക്കുകയും, 2020ല് റിട്ടയര് ആകുന്നതുവരെ ബ്രോങ്ക്സ് ഇടവക വികാരിയായി ശുശ്രുഷ ചെയ്യുകയും ചെയ്തു. ന്യൂയോര്ക്കിലും കണക്റ്റിക്കെട്ടിലും വിവിധ സ്ഥലങ്ങളില് സീറോ മലബാര് ഇടവകയും, മിഷനുകളും സ്ഥാപിക്കാനും ജോസച്ചന് മുന്കൈ എടുത്തു. ഇക്കാലയളവില് കലശലായ വൃക്ക രോഗം പിടിപെടുകയും രണ്ടു പ്രാവശ്യം വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയക്കു വിധേയനാനുകയും ചെയ്തു. റിട്ടയര് ആയതിനുശേഷം നാട്ടിലും അമേരിക്കയിലുമായി വിശ്രമ ജീവിതം നയിച്ചുവന്ന ജോസച്ചന്, 2024 ഡിസംബര് 21ന് ന്യൂയോര്ക്കില് നിര്യാതനായി.
നാട്ടിലും അമേരിക്കയിലുമായി അമ്പത്തിയഞ്ചു വര്ഷക്കാലം വിശ്വാസികള്ക്കായി ശുശ്രൂഷ ചെയ്യുകയും, അമേരിക്കയിലെ സിറോ മലബാര് സമൂഹം കെട്ടിപ്പടുക്കുന്നതില് നിര്ണ്ണായകമായ സംഭാവനകള് നല്കുകയും ചെയ്ത, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിര്ത്തുന്നതിനുവേണ്ടിയാണ് ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന് പ്രവര്ത്തിക്കുന്നത്.
നവംബര് 14 ശനിയാഴ്ച നടക്കുന്ന ജോസച്ചന് അനുസ്മരത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക് : 914 330 6340
Fr. Jose Kandathikkudy Memorial and Charity Dinner to be held in New York on November 14















