
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ അടയാളങ്ങളിലൊന്നായ സെൻട്രൽ പാർക്കിലെ കുതിരവണ്ടി സർവീസുകൾ അവസാനിപ്പിക്കാൻ മേയർ സൊഹ്റാൻ മംദാനിയും സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിനും തമ്മിൽ ധാരണയായി. കുതിരവണ്ടി സർവീസുകൾ പൂർണ്ണമായി നിരോധിക്കുന്നതിനുള്ള ബിൽ ഈ മാസം തന്നെ സിറ്റി കൗൺസിൽ വോട്ടെടുപ്പിനായി പരിഗണിക്കും. ലഭ്യമായ വിവരങ്ങൾ പ്രകാരം 2028 ജൂൺ ഒന്നിന് ബിൽ നടപ്പിലാക്കും.
കുതിരകളെ അമിതമായി ജോലി ചെയ്യിക്കുന്നുവെന്നും, നഗരത്തിലെ തിരക്കിൽ അവ എളുപ്പത്തിൽ ഭയന്നുപോകാറുണ്ടെന്നും കാണിച്ച് മൃഗസംരക്ഷണ സംഘടനകൾ വർഷങ്ങളായി ഈ സർവീസുകൾക്കെതിരെ രംഗത്തുണ്ടായിരുന്നു. എന്നാൽ കുതിരകളെ വളരെ മികച്ച രീതിയിലാണ് പരിപാലിക്കുന്നതെന്നും ലംഘനങ്ങളൊന്നുമില്ലെന്നും വണ്ടി ഉടമകളും ഡ്രൈവർമാരും വാദിച്ചിരുന്നു. തൊഴിലാളികളുടെ സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കിക്കൊണ്ടാണ് ഈ ചരിത്രപരമായ തീരുമാനമെന്ന് സിറ്റി ഹാൾ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം സെൻട്രൽ പാർക്കിൽ കുതിര ഇടഞ്ഞോടിയുണ്ടായ അപകടത്തിൽ 18 കാരനായ വിനോദസഞ്ചാരി റൊമാഞ്ച് മഹാജൻ കൊല്ലപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇത്തരമൊരു ദുരന്തത്തിൽ ഒരാൾ മരിക്കുന്നത് ആദ്യമായാണ്. ഈ സംഭവത്തിന് പിന്നാലെയാണ് കുതിരവണ്ടി സർവീസുകൾ നിരോധിക്കണമെന്ന ആവശ്യങ്ങൾ ശക്തമായത്.













