യുഎസ് ഇതര രാജ്യങ്ങളുമായി വ്യാപാരം ശക്തമാക്കാൻ കാനഡ, ഈ വർഷാവസാനത്തിന് മുൻപ് ഇന്ത്യയുമായുള്ള വ്യാപാരക്കരാർ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തിന് മുൻപ് ചരിത്രപ്രധാനമായ വ്യാപാരക്കരാർ ഒപ്പുവെക്കാൻ കാനഡ ലക്ഷ്യമിടുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. ഒക്ടോബർ 13 മുതൽ 15 വരെ ഇന്ത്യ സന്ദർശിക്കുന്ന അവർ, എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ചർച്ചകൾ വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും ശ്രമിച്ചുവരികയാണ്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി. വ്യാപാരത്തിന് പുറമേ വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയും ഇരുരാജ്യങ്ങളെയും തമ്മിൽ ആഴത്തിൽ ബന്ധിപ്പിക്കുന്നുണ്ടെന്ന് അനിത ആനന്ദ് പറഞ്ഞു.

അമേരിക്കയിൽ വർദ്ധിച്ചുവരുന്ന സംരക്ഷണവാദത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനാണ് കാനഡയുടെ ശ്രമം. അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള സഹകരണം ഇതിൽ നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ സമീപകാലത്തുണ്ടായ പുരോഗതി ഇരുരാജ്യങ്ങളിലെയും ജനങ്ങൾ സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി.

More Stories from this section

family-dental
witywide