വൻ നീക്കം! ഇസ്രായേൽ മന്ത്രി ബെസാലെൽ സ്മോട്രിച്ചിന് ഫ്രാൻസിൽ വിലക്ക്; ഇസ്രായേലിനെതിരെ ഉപരോധവുമായി മറ്റ് പാശ്ചാത്യ രാജ്യങ്ങളും

പാരീസ്: തീവ്രവലതുപക്ഷ നിലപാടുകളുള്ള ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിന് ഫ്രാൻസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് ചൊവ്വാഴ്ച അറിയിച്ചു. വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനും ഗാസയിൽ വീണ്ടും അധിനിവേശം നടത്താനും സ്മോട്രിച്ച് സജീവമായി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. “വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ, അവിടെ പുതിയ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഗാസയിലെ പുനർ-അധിനിവേശം, പലസ്തീൻ അതോറിറ്റിയുടെ സാമ്പത്തിക തകർച്ച എന്നിവയ്ക്കായി സ്മോട്രിച്ച് ശക്തമായി നിലകൊള്ളുന്നു. പലസ്തീൻ ജനതയ്ക്ക് മേൽ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗത്തിനും അംഗീകരിക്കാൻ കഴിയാത്ത നയമാണിത്,” ഫ്രഞ്ച് വിദേശകാര്യ മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മന്ത്രിക്ക് പുറമെ നാല് ഇസ്രായേലി കുടിയേറ്റ സംഘടനകളുടെ നേതാക്കൾക്കും മറ്റ് 21 വ്യക്തികൾക്കും ഫ്രാൻസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ഇസ്രായേൽ ഉപരോധം മറികടക്കാൻ ശ്രമിച്ച ‘ഗ്ലോബൽ സമ്മുദ് ഫ്ലോട്ടില’യിലെ വിദേശ സന്നദ്ധപ്രവർത്തകരെ തടങ്കലിൽ വെച്ച് പീഡിപ്പിച്ചു എന്നാരോപിച്ച് കഴിഞ്ഞ മാസം ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിനും ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇറ്റാലിയൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിനും പീഡിപ്പിച്ചതിനും ബെൻ ഗ്വിറിനെതിരെ ഇറ്റലിയും നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, വിദേശ സർക്കാരുകളുടെ ഈ നടപടികൾ അപമാനകരമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇതിനുപുറമെ, വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ അതിക്രമം നടത്തുന്ന കുടിയേറ്റ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുകയും സൗകര്യമൊരുക്കുകയും ചെയ്യുന്ന ആറ് സംഘടനകൾക്കും ഒരു വ്യക്തിക്കുമെതിരെ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, നോർവേ എന്നീ രാജ്യങ്ങൾ സംയുക്തമായി പുതിയ ഉപരോധം പ്രഖ്യാപിച്ചു. തീവ്രവാദി ഗ്രൂപ്പുകളിലേക്ക് എത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ഈ നീക്കം ഉപകരിക്കുമെന്ന് യുകെ ഫോറിൻ ഓഫീസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ ഇത്തരം നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിൽ യാതൊരുവിധ സാമ്പത്തിക-വാണിജ്യ ഇടപാടുകളിലും ഏർപ്പെടരുതെന്ന് ബ്രിട്ടൻ തങ്ങളുടെ രാജ്യത്തെ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide