ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ വാരാന്ത്യത്തിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വ്യാപക കൊള്ളയും നാശനഷ്ടങ്ങളും. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ നിയന്ത്രണമില്ലാത്ത അക്രമമാണ് അരങ്ങേറിയതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിമർശിച്ചു. കലാപത്തിന് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഒക്ടോബർ 17-ന് ആരംഭിച്ച അക്രമസംഭവങ്ങൾ ഞായറാഴ്ചയോടെ രാജ്യത്ത് വലിയ പ്രതിസന്ധിയായി മാറി. പ്രതിഷേധങ്ങളെത്തുടർന്ന് ഏകദേശം 2,400 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിസിലും മറ്റു നഗരങ്ങളിലും മുഖംമൂടി ധരിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസിനു നേരെ വസ്തുക്കൾ എറിയുകയും പടക്കങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പാരിസിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് തീയിട്ടു. നഗരമധ്യത്തിൽ പുക ഉയരുന്നതും കാണാമായിരുന്നു.
ലിയോൺ നഗരമധ്യത്തിലെ വിനോദസഞ്ചാര വിവരകേന്ദ്രത്തിനും പ്രതിഷേധക്കാർ തീയിട്ടു. മാർസെയിലെയും ലില്ലെയിലെയും നഗരസഭാ ഓഫീസുകളിലും ബോർഡോയിലെ പൊലീസ് സമുച്ചയത്തിലും അതിക്രമിച്ചുകയറി കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. ഏകദേശം 1,500 വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടം നൂറുകണക്കിന് ദശലക്ഷം യൂറോയുടെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയതായി റീട്ടെയിൽ ആൻഡ് ട്രേഡ് ഫെഡറേഷൻ അറിയിച്ചു. പാരിസ്, മാർസെ, നീസ്, ബോർഡോ, ലില്ലെ എന്നിവിടങ്ങളിലായി നിരവധി കടകൾ കൊള്ളയടിച്ചു. ലില്ലെയിലെ ആപ്പിൾ സ്റ്റോറിലെ സാധനങ്ങളെല്ലാം കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.
“ഇതൊരു യുദ്ധം പോലെയായിരുന്നു,” പാരിസ് നഗരമധ്യത്തിൽ താമസിക്കുന്ന 78കാരനായ മെഹ്മത് ഒസെഡൻ എഎഫ്പിയോട് പറഞ്ഞു. ആഡംബര ബ്രാൻഡുകളുടെ പ്രമുഖ ഷോറൂമുകൾ സ്ഥിതിചെയ്യുന്ന ഷാംസ് എലിസേ തെരുവിലേക്ക് മുന്നൂറിലധികം പ്രതിഷേധക്കാർ നീങ്ങാൻ ശ്രമിച്ചു. ഇവരെ തടയാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.
France protests ‘felt like war,’ say citizens as Macron slams ‘unrestrained violence’, blames far-left groups for unrest













