ഫ്രാൻസിൽ വൻ പ്രതിഷേധം; വിദ്യാർഥികളും തൊഴിലാളികളും തെരുവിലിറങ്ങി, 448 പേർ അറസ്റ്റിൽ

ജീവിതച്ചെലവ് വർധിക്കുന്നതിലും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് ഫ്രാൻസിൽ വിദ്യാർഥികളും തൊഴിലാളികളും തെരുവിലിറങ്ങി. വ്യാഴാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. ന്യായമായ വേതനം ഉറപ്പാക്കണമെന്നും വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിജിടി (CGT) ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണ നൽകി.

രാജ്യത്തെ 200 കേന്ദ്രങ്ങളിലായി 16 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് സിജിടിയുടെ കണക്ക്. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇത് 5.75 ലക്ഷമാണെന്ന് അറിയിച്ചു. നേരത്തേ 6 ലക്ഷം പേരെന്നായിരുന്നു മന്ത്രാലയത്തിന്റെ കണക്ക്. പാരിസിൽ മാത്രം 60,000 പേർ പങ്കെടുത്തെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. എന്നാൽ 3.5 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി തൊഴിലാളി സംഘടനകൾ അവകാശപ്പെട്ടു. ലിയോൺ, മാർസെയിൽ, നാന്റസ് തുടങ്ങിയ നഗരങ്ങളിൽ രാവിലെ തന്നെ പ്രതിഷേധം ആരംഭിച്ചു. പാരിസിൽ പ്ലാസ് ദെ ല റിപ്പബ്ലിക്കിൽ നിന്ന് ഉച്ചകഴിഞ്ഞാണ് പ്രധാന പ്രതിഷേധ മാർച്ച് തുടങ്ങിയത്.

പ്രാദേശിക സമയം വൈകിട്ട് ആറുവരെ 448 പേരെ അറസ്റ്റ് ചെയ്തതായും ഏറ്റുമുട്ടലുകളിൽ 53 പൊലീസുകാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് നേരത്തേ അറിയിച്ചിരുന്നു. അക്രമസംഭവങ്ങളുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പൊലീസ് അതിക്രമം നടന്നെന്ന ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണങ്ങളും ആരംഭിച്ചു.

France’s mega protests: 448 arrested as students, workers march across the country

More Stories from this section

family-dental
witywide