
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന റിപ്പോർട്ടുമായി ബ്രിട്ടീഷ് ഏവിയേഷൻ മാസികയായ ഫ്ളൈറ്റ് ഗ്ലോബൽ. 36 വിമാനങ്ങളിൽ 32 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമെന്നാണ് മാസികയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ റിപ്പോർട്ടിലെ കണക്കുകൾ പൂർണമായും തള്ളിക്കൊണ്ട് ഇന്ത്യൻ വ്യോമസേന മുൻ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി രംഗത്തെത്തി. പാകിസ്താനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഫ്ളൈറ്റ് ഗ്ലോബലിന്റെ പുതിയ വേൾഡ് എയർ ഫോഴ്സസ് ഡയറക്ടറിയിലാണ് ഇന്ത്യയുടെ പക്കലുള്ള പ്രവർത്തനക്ഷമമായ റഫാൽ വിമാനങ്ങളുടെ എണ്ണം 32 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണമോ അതിന് അടിസ്ഥാനമായ തെളിവുകളോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ പട്ടികയിൽ റഫാൽ ഡിഎച്ച്/ഇഎച്ച് എന്ന വിഭാഗത്തിലാണ് വിമാനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം 32 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിഎച്ച് എന്നത് രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന ഇരട്ടസീറ്റ് വിമാനത്തെയും ഇഎച്ച് എന്നത് ഒറ്റ പൈലറ്റിന് ഇരിക്കാവുന്ന ഒറ്റസീറ്റ് വിമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. ഫ്രാൻസിൽനിന്ന് ഇന്ത്യ 28 ഒറ്റസീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് വാങ്ങിയത്.
കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്കുശേഷം ഫ്ളൈറ്റ് ഗ്ലോബൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 35 റഫാൽ വിമാനങ്ങൾ പ്രവർത്തനക്ഷമമാണെന്നായിരുന്നു കണക്ക്. എന്നാൽ പുതിയ റിപ്പോർട്ടിൽ ഇത് 32 ആയി കുറച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് എയർ മാർഷൽ തിവാരി സാമൂഹിക മാധ്യമമായ എക്സിലൂടെ പ്രതികരിച്ചത്.
ഫ്ളൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കിയ തിവാരി, റിപ്പോർട്ടിന് വിവരങ്ങൾ കൈമാറിയവരുടെ വിശ്വാസ്യത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇവർ നൽകിയ വിവരങ്ങൾ മുൻപും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിവെച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ട ചില ഇന്ത്യൻ റഫാൽ വിമാനങ്ങളുടെ പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഇതേ വ്യക്തികൾ പുറത്തുവിട്ടിരുന്നു. എന്നാൽ ആ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് വിവിധ അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ പങ്കെടുത്തതായി തിവാരി പറഞ്ഞു. ഫ്ളൈറ്റ് ഗ്ലോബൽ വിവരങ്ങൾ നൽകുന്നവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെക്കുറിച്ച് പാകിസ്താൻ പ്രചരിപ്പിച്ച വ്യാജവാർത്തയും തിവാരി പരാമർശിച്ചു. സംഘർഷത്തിനിടെ ശിവാംഗി സിങ്ങിന്റെ വിമാനം വെടിവെച്ചിട്ടെന്നും അവരെ പാകിസ്താൻ സൈന്യം തടവിലാക്കിയെന്നുമായിരുന്നു പാകിസ്താനിലെ ചില മാധ്യമങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പ്രചരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ വ്യോമസേന അന്നുതന്നെ ആരോപണം നിഷേധിച്ചിരുന്നു. പിന്നീട് ഹരിയാണയിലെ അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ശിവാംഗിയുടെ ചിത്രം പുറത്തുവന്നതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. ശിവാംഗി യുദ്ധത്തടവുകാരിയായെന്ന വ്യാജവിവരം പ്രചരിപ്പിച്ചതും ഫ്ളൈറ്റ് ഗ്ലോബലിന് തെറ്റായ കണക്കുകൾ നൽകിയ അതേ ആളുകളാണെന്നും തിവാരി ആരോപിച്ചു.
2025 മേയ് ഏഴിന് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്താനിലെ ഭീകരക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തി. പാകിസ്താന്റെ 11 സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. മേയ് 10-ന് സംഘർഷം അവസാനിക്കുകയും വെടിനിർത്തൽ നിലവിൽ വരികയും ചെയ്തു.
പിന്നീട് അന്നത്തെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ ഇന്ത്യയ്ക്ക് വിമാനനഷ്ടങ്ങളും തന്ത്രപരമായ പിഴവുകളും സംഭവിച്ചതായി സമ്മതിച്ചിരുന്നു. എന്നാൽ നാല് റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന പാകിസ്താന്റെ അവകാശവാദം അവർ നിഷേധിച്ചു. പരീക്ഷയിൽ പ്രധാനം ഫലമാണെന്നും പെൻസിൽ ഒടിഞ്ഞോ പേന നഷ്ടമായോ എന്നതല്ലെന്നും പാർലമെന്റിലെ ചർച്ചയ്ക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഫ്ളൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ തെറ്റാണെന്ന വാദത്തിന് ബലമേകുന്നതായി ഈ വർഷം ജൂണിൽ ഇന്ത്യൻ വ്യോമസേന പുറത്തിറക്കിയ ടെൻഡറും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ വിമാനങ്ങൾക്കും ‘ബ്രിഡ്ജ് സപ്പോർട്ട്’ നൽകുന്നതിനുള്ള കരാറിനാണ് ടെൻഡർ ക്ഷണിച്ചത്. വിമാനങ്ങളുടെ സാങ്കേതിക സഹായവും ആവശ്യമായ ഉപകരണങ്ങളും മറ്റ് സാധനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഹ്രസ്വകാല ഇടക്കാല കരാറാണിത്. 36 വിമാനങ്ങൾക്കും പിന്തുണ ഉറപ്പാക്കാൻ ടെൻഡർ ക്ഷണിച്ചത് മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ കൈവശമുണ്ടെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഫ്രാൻസിൽനിന്ന് 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.















