സൂപ്പർമാർക്കറ്റ് റഫ്രിജറേറ്ററുകൾക്ക് നേരെ സൈബർ ആക്രമണം, തീപിടിത്തം, പിന്നിൽ ഇറാനെന്ന് ഫ്രഞ്ച് അധികൃതർ, അമേരിക്കയിലും സമാന സൈബർ ആക്രമണം?

ഫ്രാൻസിൽ സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകൾക്ക് നേരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ഗുരുതര ആരോപണവുമായി ഫ്രഞ്ച് അധികൃതർ രംഗത്തെത്തി. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ തുടക്കത്തിൽ നൂറുകണക്കിന് ഫ്രഞ്ച് സൂപ്പർമാർക്കറ്റുകളെയും വാണിജ്യ സ്ഥാപനങ്ങളെയും ഈ സൈബർ ആക്രമണം ബാധിച്ചിരുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിന്റെ ഭാഗമായുള്ള വിനാശകരമായ സൈബർ ആക്രമണങ്ങളിലൊന്നാണിതെന്നാണ് ഫ്രാൻസ് ആരോപിക്കുന്നത്.

ഫ്രഞ്ച് രഹസ്യാന്വേഷണ, സൈബർ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ‘ഷാഹിദ് കാവേ’ എന്ന സൈബർ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഹമീദ് റെസ ലഷ്ഗരിയൻ, മഹ്ദി ലഷ്ഗരിയൻ, റെസ സലാർവന്ദ് എന്നീ മൂന്ന് പേരെയും ഇതിൽ പ്രതിചേർത്തിട്ടുണ്ട്. പേർഷ്യൻ (ഫാർസി) ഭാഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിലൂടെയാണ് ഷാഹിദ് കാവെയാണ് ഇതിന് പിന്നിലെന്ന് അധികൃതർ സ്ഥിരീകരിച്ചത്. കുറ്റക്കാർക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കാൻ പാരീസ് പ്രോസിക്യൂട്ടർമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഭാഗമായി സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളുടെ താപനില അമിതമായി വർധിപ്പിച്ചതിനെത്തുടർന്ന് രാജ്യത്തുടനീളം കുറഞ്ഞത് 15 സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. ഫ്രാൻസിലുടനീളം 700ഓളം സ്ഥാപനങ്ങൾ ആക്രമണത്തിന് ഇരയായതായും കോടിക്കണക്കിന് യൂറോയുടെ നഷ്ടം സംഭവിച്ചതായും കണക്കാക്കുന്നു. മാംസവും ഐസ്‌ക്രീമും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ നശിക്കുകയും, ഫ്രഞ്ച് ബ്ലഡ് ബാങ്കുകളിലെ റഫ്രിജറേറ്ററുകളെയും രണ്ടാമതൊരു ആക്രമണം ബാധിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി. ഇറാനെതിരെ യൂറോപ്യൻ യൂണിയൻ വഴി കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് മുന്നറിയിപ്പ് നൽകി. ദോഷകരമായ സൈബർ പ്രവർത്തനങ്ങൾ നടത്തുന്നതായി ഇറാൻ പതിവായി നിഷേധിക്കാറുണ്ടെങ്കിലും, ഒക്ടോബറിൽ നടന്ന ഈ അട്ടിമറിക്ക് പിന്നിൽ ഇറാനാണെന്ന് മൈക്രോസോഫ്റ്റും രണ്ടാഴ്ച മുമ്പ് തിരിച്ചറിഞ്ഞിരുന്നു.

ഈ സംഘർഷത്തിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങളെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പല സംഭവങ്ങളും മുമ്പും നടന്നിട്ടുണ്ട്. മാർച്ചിൽ ലോസ് ഏഞ്ചൽസ് ഗതാഗത സംവിധാനത്തിന് നേരെയും, ജൂലൈയിൽ യുഎസിലെ ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെയും, ഓഗസ്റ്റിൽ അമേരിക്കയിലേക്ക് തിരിച്ച കപ്പലുകൾക്ക് നേരെയും സമാനമായ ഹാക്കിംഗ് ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ സർക്കാർ അന്വേഷണ ഉദ്യോഗസ്ഥരും സാങ്കേതിക കമ്പനികളും സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

More Stories from this section

family-dental
witywide