ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; വ്യാപക അക്രമങ്ങളെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്താൻ ആലോചിച്ച് സർക്കാർ, 5000ത്തോളം പേർ അറസ്റ്റിൽ

പാരീസ്: കടുത്ത ജീവിതച്ചെലവിനെതിരെയും പൊതുസേവനങ്ങളിലെ തകർച്ചയ്‌ക്കെതിരെയും ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. വിവിധ നഗരങ്ങളിൽ വ്യാപകമായ അക്രമങ്ങളും ആയിരക്കണക്കിന് അറസ്റ്റുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കർഫ്യൂ ഏർപ്പെടുത്താനും അധികൃതർ ആലോചിക്കുന്നുണ്ട്.

ഫ്രാൻസിലെ രണ്ടാമത്തെ വലിയ നഗരമായ മാഴ്സെയിൽ വലിയ കൂട്ടായ്മകൾക്ക് പൂർണ്ണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ലിമോഗ്സിലെ പത്തൊൻപതാം നൂറ്റാണ്ടിലെ ടൗൺ ഹാൾ സമരക്കാർ അഗ്നിക്കിരയാക്കി. കടകളും കാറുകളും അടിച്ചുതകർത്ത പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. രാജ്യവ്യാപകമായി ഇതുവരെ അയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവും സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് അതിതീവ്ര ഇടതുപക്ഷ സംഘടനകളാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ക്രമസമാധാനം പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്നും, ആവശ്യമെങ്കിൽ ദേശീയ തലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാരീസ് അടക്കമുള്ള നഗരങ്ങളിൽ ചരിത്രപ്രധാനമായ നിരവധി സ്മാരകങ്ങളും കെട്ടിടങ്ങളും അക്രമത്തിൽ തകർന്നിട്ടുണ്ട്. ഫ്രാൻസിലെ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, രാജ്യത്തിന്റെ അതിർത്തികൾ ഉടൻ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide