ബോംബുകളിൽ നിന്ന് ബാങ്ക് സമ്മർദ്ദങ്ങളിലേക്ക്: ഇറാനെതിരെ സാമ്പത്തിക യുദ്ധവുമായി അമേരിക്ക

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ നിന്ന് മാറി, ആ രാജ്യത്തെ സാമ്പത്തികമായി തളച്ചിടാനുള്ള പുതിയ തന്ത്രങ്ങളുമായി ട്രംപ് ഭരണകൂടം. നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ, ചർച്ചകൾക്ക് ഇറാൻ വഴങ്ങുന്നില്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെ രാജ്യത്തെ ശ്വാസം മുട്ടിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നത് ഒരു ബോംബാക്രമണത്തിന് തുല്യമായിരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞു. “നിങ്ങൾ ഇറാൻ്റെ എണ്ണ വാങ്ങുകയോ, ഇറാൻ്റെ പണം നിങ്ങളുടെ ബാങ്കുകളിൽ സൂക്ഷിക്കുകയോ ചെയ്താൽ, കടുത്ത നടപടിയായ ‘സെക്കൻഡറി ഉപരോധങ്ങൾ’ ഏർപ്പെടുത്താൻ ഞങ്ങൾ തയ്യാറാണെന്ന് വിവിധ കമ്പനികളെയും രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്. സൈനിക നടപടികളിൽ കണ്ടതിന് തുല്യമായ സാമ്പത്തിക ആഘാതമായിരിക്കും ഇത് എന്ന് ഇറാൻ തിരിച്ചറിയണം.” — സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി.

ഇറാനുമായി ബിസിനസ്സ് നടത്തുന്നതിന് സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടും, ഇറാനിയൻ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തങ്ങളുടെ സാമ്പത്തിക സ്ഥാപനങ്ങളിലൂടെ കടന്നുപോകാൻ അനുവദിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടും ചൈന, ഹോങ്കോംഗ്, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ട്രഷറി ഡിപ്പാർട്ട്‌മെന്റ് കത്തയച്ചതിന്റെ പിറ്റേന്നാണ് ഈ മുന്നറിയിപ്പ് വരുന്നത്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കും ഇറാന്റെ പണം കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കുമെതിരെ ‘സെക്കൻഡറി സാമ്പത്തിക ഉപരോധം’ ഏർപ്പെടുത്താനാണ് തീരുമാനം. ഇത് ഇറാനുമായുള്ള മറ്റ് രാജ്യങ്ങളുടെ ഇടപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നാണ് ട്രംപിൻ്റെ ആവശ്യം. “ആണവായുധം വേണ്ടെന്ന് വെച്ചാൽ ഇറാനെ അഭിവൃദ്ധിയിലേക്ക് നയിക്കാം, അല്ലെങ്കിൽ സാമ്പത്തിക ഒറ്റപ്പെടൽ നേരിടാം” എന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ-റഷ്യ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യു.എ.ഇ കേന്ദ്രീകരിച്ചുള്ള ഒരു വലിയ ശൃംഖലയ്ക്ക് അമേരിക്ക കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തി. മുൻ ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അലി ഷംഖാനിയുമായി ബന്ധമുള്ളതായിരുന്നു ഈ ശൃംഖല.

ഉപരോധങ്ങൾ എത്രത്തോളം ഫലിക്കുമെന്ന കാര്യത്തിൽ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. എന്നിരുന്നാലും, ബാങ്കിംഗ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റും മസാച്യുസെറ്റ്‌സ് സെനറ്ററുമായ എലിസബത്ത് വാറൻ ഇതിനെ എതിർത്തു. യുദ്ധാനന്തര സാഹചര്യത്തിൽ ഇറാൻ കൊയ്ത സാമ്പത്തിക നേട്ടങ്ങൾ പുതിയ ഉപരോധങ്ങളുടെ ഫലത്തെ ഇല്ലാതാക്കുമെന്ന് അവർ വാദിച്ചു.

‘ഇറാനെ ഉപരോധിക്കാനും അവരുടെ സമ്പദ്‌വ്യവസ്ഥയെ തളയ്ക്കാനും കഴിയുന്ന സാഹചര്യത്തിന് പകരം, ഹോർമുസ് കടലിടുക്കിലെ ഉപരോധവും അതോടൊപ്പം എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയാണ് ചെയ്തത്,’ വാറൻ പറഞ്ഞു. ‘ഈ യുദ്ധം തുടങ്ങി വെച്ചതിലൂടെ ഡൊണാൾഡ് ട്രംപ് ഉണ്ടാക്കിവെച്ച കുഴപ്പങ്ങൾ പരിഹരിക്കാനാണ് സെക്രട്ടറി ബെസന്റ് ഇപ്പോൾ ശ്രമിക്കുന്നത്’ എന്നും അവർ കൂട്ടിച്ചേർത്തു.

സെക്കൻഡറി ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് സഖ്യകക്ഷികളിൽ നിന്ന് ‘നയതന്ത്രപരവും സാമ്പത്തികവുമായ തിരിച്ചടികൾക്ക്’ കാരണമാകുമെന്ന് ഉപരോധ കാര്യങ്ങളിൽ വിദഗ്ദ്ധനായ അഭിഭാഷകൻ ഡാനിയൽ പിക്കാർഡും ചൂണ്ടിക്കാട്ടുന്നു. ഇത് ഇറാനെതിരെ രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. ‘നമ്മുടെ വ്യാപാര പങ്കാളികളിൽ പലരും ഇറാനിലെ സംഘർഷത്തോടുള്ള തങ്ങളുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചവരാണ്,’ പിക്കാർഡ് പറഞ്ഞു. ‘കൂടുതൽ ആളുകളെ ഒപ്പം കൂട്ടിയാൽ മാത്രമേ സാമ്പത്തിക ഉപരോധങ്ങൾ ഫലപ്രദമാകാനുള്ള സാധ്യത വർദ്ധിക്കൂ എന്ന് മിക്ക വിദഗ്ദ്ധരും സമ്മതിക്കും.'”

അതേസമയം, ഇറാനിലെ ഭരണമാറ്റമില്ലാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് ചില റിപ്പബ്ലിക്കൻ സെനറ്റർമാർ വിശ്വസിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, യുദ്ധത്തിലൂടെ തകർന്നടിഞ്ഞ ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തികാവസ്ഥയും മെച്ചപ്പെടുത്താൻ അമേരിക്കയുമായുള്ള ഒരു കരാറിന് ഇറാൻ നിർബന്ധിതരായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

From bombs to bank pressures: America launches economic war against Iran

More Stories from this section

family-dental
witywide