ഇനി കൈവിലങ്ങ് കൊടുംകുറ്റവാളികൾക്ക് മാത്രം; നിർണായക മാർഗനിർദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോഴും കൈവിലങ്ങ് ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഇനിമുതൽ കൊടുംകുറ്റവാളികൾക്കും മറ്റ് ഗുരുതരമായ കേസുകളിൽപ്പെടുന്നവർക്കും മാത്രമേ കൈവിലങ്ങ് ധരിപ്പിക്കാൻ പാടുള്ളൂ എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന പുതിയ നിർദേശം. സാധാരണ കേസുകളിൽപ്പെടുന്നവരെയോ പ്രതിഷേധങ്ങളിൽ അറസ്റ്റിലാകുന്നവരെയോ കൈവിലങ്ങ് അണിയിക്കരുതെന്നും, പൊലീസുകാരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കോ അപമാനിക്കാനോ ഉള്ള വഴിയായി ഇത് ഉപയോഗിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, മയക്കുമരുന്ന്-ആയുധ കടത്ത് കേസുകളിലെ പ്രതികൾ, സ്ഥിരം കുറ്റവാളികൾ, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാൻ സാധ്യതയുള്ളവർ, ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവർ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് മാത്രമേ ഇനി കൈവിലങ്ങ് ഉപയോഗിക്കാൻ അനുമതിയുള്ളൂ. പ്രായമായവർക്കും ഗുരുതരമായ രോഗബാധയുള്ളവർക്കും കൈവിലങ്ങ് അണിയിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, കൈവിലങ്ങണിയിച്ച പ്രതികളെ പൊതുസ്ഥലങ്ങളിലൂടെയോ മാധ്യമങ്ങൾക്ക് മുന്നിലോ പ്രദർശിപ്പിച്ച് നടത്താൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.

ഏതെങ്കിലും സാഹചര്യത്തിൽ ഒരു പ്രതിക്ക് കൈവിലങ്ങ് ധരിപ്പിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം കേസ് ഡയറിയിലും സ്റ്റേഷൻ ജനറൽ ഡയറിയിലും പൊലീസുകാർ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് പിന്നീട് കോടതിയെ ബോധ്യപ്പെടുത്താനും ബാധ്യതയുണ്ട്. പുതിയ കേന്ദ്ര നിയമമായ ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യിലെ വ്യവസ്ഥകളും സുപ്രീം കോടതിയുടെ പഴയ ഉത്തരവുകളും കാറ്റിൽപ്പറത്തി അനാവശ്യമായി കൈവിലങ്ങ് അണിയിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി.

From now on, handcuffs will be used only for serious criminals; State Police Chief issues crucial guidelines

More Stories from this section

family-dental
witywide