
ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളുമായി പ്രമുഖ ഉഭയകക്ഷി ചർച്ചകൾ നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന.
ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. 2019-ലാണ് അദ്ദേഹം അവസാനമായി ഇന്ത്യയിലെത്തിയത്. തുടർന്ന് ലഡാക്ക് അതിർത്തിയിലുണ്ടായ തർക്കങ്ങളും സൈനിക ഏറ്റുമുട്ടലുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വലിയ വിടവ് സൃഷ്ടിച്ചിരുന്നു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനും ഈ കൂടിക്കാഴ്ച വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.
ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന വിവിധ ചർച്ചകളിൽ റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ, ആഗോള വ്യാപാരം തുടങ്ങിയ പ്രധാന വിഷയങ്ങളും ലോകനേതാക്കളുടെ ശ്രദ്ധയിൽ വരും. ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.
BRICS Summit: Xi Jinping to visit India after 7 years; will meet PM Narendra Modi















