
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സിൽവർ നദിയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ സ്ത്രീയെ പത്തടിയോളം നീളമുള്ള ഭീമൻ മുതല ആക്രമിച്ചു. നദിയിൽ പാഡിൽബോർഡിംഗ് (തുഴഞ്ഞുപോകുന്ന ഒരുതരം ബോട്ട്) നടത്തുകയായിരുന്ന സ്ത്രീയുടെ കൈ കടിച്ചുപറിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച മുതലയുടെ പിടിയിൽ നിന്നും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബോട്ട് യാത്രികൻ്റെ ധീരവും സമയോചിതവുമായ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിച്ചത്.
കഴിഞ്ഞദിവസം വടക്കൻ-മധ്യ ഫ്ലോറിഡയിലെ സിൽവർ നദിയിലാണ് സംഭവം. കുടുംബത്തോടൊപ്പം നദിയിൽ നീന്തുകയും ബോട്ടിംഗ് നടത്തുകയുമായിരുന്ന സ്ത്രീയെ മുതല പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ കൈയിൽ കടിച്ച മുതല ഇവരെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു. കയ്യിലുണ്ടായിരുന്ന തുഴ ഉപയോഗിച്ച് സ്ത്രീ പരമാവധി പ്രതിരോധിച്ചെങ്കിലും മുതല ആക്രമണം തുടർന്നു.
ഈ സമയം സമീപത്ത് ബോട്ടിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ജോൺ ഗമാഷെ എന്ന യുവാവ് സ്ത്രീയുടെയും കുടുംബത്തിൻ്റെയും ഉച്ചത്തിലുള്ള നിലവിളി കേൾക്കുകയായിരുന്നു. തുടർന്ന് ഇയാൾ തൻ്റെ ബോട്ടുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. ബോട്ടിൻ്റെ അമിത ശബ്ദവും വേഗതയും കണ്ട് ഭയന്ന മുതല സ്ത്രീയെ ഉപേക്ഷിച്ച് പിന്തിരിഞ്ഞു.
“എല്ലുകൾ പുറത്തുചാടിയ നിലയിൽ അതിമാരകമായ പരിക്കായിരുന്നു സ്ത്രീക്ക്. ചോരയൊഴുകി സെക്കൻ്റുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥ. ഒട്ടും സമയം കളയാതെ ബോട്ടിലുണ്ടായിരുന്ന കയറെടുത്ത് ഞാൻ അവരുടെ മുറിവേറ്റ ഭാഗം മുറുക്കിക്കെട്ടി രക്തസ്രാവം തടഞ്ഞു,” ജോൺ ഗമാഷെ പത്രപ്രവർത്തകരോട് പറഞ്ഞു. ഈ സമയം ജോണിൻ്റെ പിതാവ് വെള്ളത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളെയും കുടുംബാംഗങ്ങളെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തിര രക്ഷാപ്രവർത്തകർ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ സുഖം പ്രാപിച്ച് വീട്ടിൽ തിരിച്ചെത്തിയതായി കുടുംബം അറിയിച്ചു. അക്രമകാരിയായ മുതലയെ പിടികൂടുന്നതിനായി അധികൃതർ സിൽവർ നദി താൽക്കാലികമായി അടച്ചുപൂട്ടി. പിന്നീട് വിദഗ്ദ്ധരായ സംഘം എത്തി 9 അടി 8 ഇഞ്ച് നീളമുള്ള മുതലയെ നദിയിൽ നിന്നും പിടികൂടി മാറ്റിയ ശേഷമാണ് ഞായറാഴ്ച നദി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഫ്ലോറിഡയിൽ സമീപകാലത്തായി മുതലകളുടെ ആക്രമണം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Giant alligator attack shocks Florida; Woman’s hand bit off; Boater saves her in near-death moments















