
ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ മധ്യസ്ഥർ വഴി തുടരുകയാണെന്നും, തങ്ങൾ മുന്നോട്ടുവെച്ച ‘ഏഴു ദിവസത്തെ പദ്ധതിക്ക്’ (seven-day plan) മറുപടിയായി വാഷിംഗ്ടൺ നൽകിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇതിന് ഔദ്യോഗിക മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെഹ്‌റാനിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഔദ്യോഗിക വാർത്താ ഏജൻസിയോട് സംസാരിക്കുമ്പോഴാണ് അരാഘ്ചി ഇക്കാര്യം വ്യക്തമാക്കിയത്.
ചർച്ചാ പ്രക്രിയകൾ ഇപ്പോഴും സജീവമായി മുന്നോട്ട് പോകുന്നുണ്ടെന്നും മധ്യസ്ഥർ മുഖേന സന്ദേശങ്ങൾ പരസ്പരം കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാൻ നേരത്തെ ഒരു സമഗ്ര പദ്ധതി മുന്നോട്ടുവെച്ചിരുന്നു. ഈ നിർദ്ദേശത്തിന് അമേരിക്ക നൽകിയ പ്രതികരണമാണ് നിലവിൽ ടെഹ്‌റാൻ വിലയിരുത്തി വരുന്നത്. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൃത്യമായ നിലപാട് അറിയിക്കുമെന്നും അറാഘ്ചി സൂചിപ്പിച്ചു.















