
ന്യൂഡൽഹി: ഗൂഗിൾ ഡ്രൈവിൻ്റെ ഡെസ്ക്ടോപ്പ് ആപ്പ് വഴിയുള്ള ഗൂഗിൾ ഫോട്ടോസ് ബാക്കപ്പ് സംവിധാനം നിർത്തലാക്കാൻ ഗൂഗിൾ തീരുമാനിച്ചു. ഇന്നലെ മുതൽ ഈ മാറ്റം നിലവിൽ വന്നു. കമ്പ്യൂട്ടറുകളിൽ നിന്ന് ഗൂഗിൾ ഡ്രൈവ് ആപ്പ് വഴി ഫോട്ടോകളും വീഡിയോകളും നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് സ്വയം സിങ്ക് ചെയ്യുന്ന രീതിയാണ് ഇതോടെ അവസാനിക്കുന്നത്. ബാക്കപ്പ് സംവിധാനങ്ങൾ ലളിതമാക്കുന്നതിൻ്റെയും ഫോട്ടോ മാനേജ്‌മെൻ്റിനായി ഗൂഗിൾ ഫോട്ടോസ് ആപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു.
നിലവിൽ ഈ സംവിധാനം വഴി ബാക്കപ്പ് ചെയ്തിട്ടുള്ള ഫോട്ടോകളോ വീഡിയോകളോ ഇല്ലാതാകില്ല. അവ ഗൂഗിൾ ഫോട്ടോസിൽ സുരക്ഷിതമായിരിക്കും. ഗൂഗിൾ ഡ്രൈവിലേക്കുള്ള സാധാരണ ഫയലുകളുടെ ബാക്കപ്പിനെ ഈ മാറ്റം ബാധിക്കില്ല. ഡ്രൈവിലേക്ക് ഫയലുകൾ മാറ്റുന്നത് മുൻപത്തെപ്പോലെ തുടരാം. സ്മാർട്ട്‌ഫോണുകളിലെ ഗൂഗിൾ ഫോട്ടോസ് ആപ്പ് വഴി ബാക്കപ്പ് ചെയ്യുന്ന സാധാരണ ഉപയോക്താക്കളെ ഈ മാറ്റം ഒരു രീതിയിലും ബാധിക്കില്ല. കമ്പ്യൂട്ടറിലെ പ്രത്യേക ഫോൾഡറുകളിൽ നിന്ന് പശ്ചാത്തലത്തിൽ തനിയെ ഫോട്ടോകൾ അപ്‌ലോഡ് ആയിരുന്ന രീതി ഓഗസ്റ്റ് 10-ഓടെ പൂർണ്ണമായും നിലയ്ക്കും.
ഉപയോക്താക്കൾ ഇനി എന്ത് ചെയ്യണം?
കമ്പ്യൂട്ടറിലെ ഫോൾഡറുകളിൽ നിന്നുള്ള ബാക്കപ്പ് തുടർന്നും ലഭിക്കാൻ ഗൂഗിൾ ഫോട്ടോസ് വെബ്സൈറ്റ് നേരിട്ട് ഉപയോഗിക്കണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു.
- ഗൂഗിൾ ഫോട്ടോസ് വെബ്സൈറ്റിലെ “+” (Plus) ബട്ടൺ ക്ലിക്ക് ചെയ്ത് “Back up folders” വഴി കമ്പ്യൂട്ടറിലെ ഫോൾഡറുകൾ തിരഞ്ഞെടുക്കാം. എന്നാൽ ഈ രീതിയിൽ ബ്രൗസറിൽ വെബ്സൈറ്റ് തുറന്നിരിക്കുമ്പോൾ മാത്രമേ ബാക്കപ്പ് നടക്കുകയുള്ളൂ.
- ഡ്രൈവിൽ നിന്ന് ഇംപോർട്ട് ചെയ്യുക: ഗൂഗിൾ ഡ്രൈവിലുള്ള ഫോട്ടോകൾ നേരിട്ട് ഗൂഗിൾ ഫോട്ടോസിലേക്ക് ഇംപോർട്ട് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ക്യാമറകളിൽ നിന്നും മറ്റും കമ്പ്യൂട്ടറിലേക്ക് ചിത്രങ്ങൾ മാറ്റി, അത് ഗൂഗിൾ ഡ്രൈവ് ആപ്പ് വഴി ബാക്കപ്പ് ചെയ്തിരുന്ന പ്രൊഫഷണലുകളും മറ്റ് ഉപയോക്താക്കളും പുതിയ ക്രമീകരണങ്ങളിലേക്ക് മാറേണ്ടതുണ്ട്.
Google Drive stops photo backup; take note of these things to avoid losing photos















