
ന്യൂഡൽഹി: സാങ്കേതിക ലോകത്തെ വൻകിട കമ്പനികളായ ഗൂഗിളും മെറ്റയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയെച്ചൊല്ലി തർക്കമെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ ആവശ്യപ്പെട്ട അത്രയും കമ്പ്യൂട്ടിംഗ് ശേഷി നൽകാൻ ഇൻഫ്രാസ്ട്രക്ചർ കുറവ് മൂലം സാധിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതേത്തുടർന്ന് മെറ്റയ്ക്ക് നൽകിവരുന്ന ജെമിനി എഐ മോഡലുകളുടെ ആക്സസ് ഗൂഗിൾ പരിമിതപ്പെടുത്തി.
ഗൂഗിളിൻ്റെ ജെമിനി എഐയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായിരുന്നു മെറ്റ. എന്നാൽ ആവശ്യത്തിന് കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മെറ്റയുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ കഴിയില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുകയായിരുന്നു. ഈ നിയന്ത്രണം മെറ്റയുടെ പല ആന്തരിക എഐ പ്രോജക്റ്റുകളെയും ബാധിക്കുകയും അവ വൈകാനിടയാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധി രൂക്ഷമായതോടെ മെറ്റ തങ്ങളുടെ ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എഐ ഉപയോഗം കാര്യക്ഷമമാക്കാനും ‘എഐ ടോക്കണുകൾ’ വളരെ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കാനും കമ്പനി ആവശ്യപ്പെട്ടു. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
നിലവിൽ മെറ്റയുടെ സുരക്ഷാ പ്രവർത്തനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തടയൽ, പരസ്യ അസിസ്റ്റൻ്റുകൾ, കസ്റ്റമർ സർവീസ് ടൂളുകൾ, കോഡിംഗ് എന്നിവയ്ക്കായി ഗൂഗിളിൻ്റെ ജെമിനിയെയും ആന്ത്രോപിക്കിൻ്റെ ക്ലോഡ് മോഡലിനെയുമാണ് ആശ്രയിക്കുന്നത്. മെറ്റയുടെ സ്വന്തം ഓപ്പൺ സോഴ്സ് മോഡലായ ‘ലാമ’യേക്കാൾ ജെമിനി മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് മെറ്റ ഇത് ഉപയോഗിച്ചിരുന്നത്.
ഗൂഗിളിന്മേലുള്ള ആശ്രയത്വം കുറയ്ക്കാൻ മെറ്റ തങ്ങളുടെ പുതിയ എഐ മോഡലായ ‘മ്യൂസ് സ്പാർക്ക്’ ലേക്ക് ജോലികൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഈ മോഡൽ ജെമിനിയോട് കിടപിടിക്കുന്നതാണെന്നാണ് കമ്പനി വിലയിരുത്തൽ.
വൻകിട കമ്പനികൾ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നുണ്ടെങ്കിലും എഐ റൺ ചെയ്യാനാവശ്യമായ ചിപ്പുകൾ, ഡാറ്റാ സെൻ്ററുകൾ, വൈദ്യുതി എന്നിവ കണ്ടെത്താൻ ആഗോളതലത്തിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിൽ നിന്ന് പ്രതിമാസം 920 മില്യൺ ഡോളർ നിരക്കിൽ കമ്പ്യൂട്ടിംഗ് ശേഷി വാടകയ്ക്കെടുക്കാൻ ഗൂഗിൾ കരാറിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഗൂഗിൾ ക്ലൗഡിൻ്റെ വരുമാനത്തിൽ കുറവുണ്ടായതായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും നേരത്തെ സമ്മതിച്ചിരുന്നു.
AI crisis: Google cuts Gemini access to Meta; projects in crisis















