
ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയെ വെറുമൊരു സാമൂഹ്യമാധ്യമ ഇടനിലക്കാരനായി ഇനി കാണാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വന്തം അൽഗോരിതങ്ങൾ ഉപയോഗിച്ച് ഉള്ളടക്കങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും അവയുടെ ദൃശ്യപരത നിശ്ചയിക്കുകയും ചെയ്യുന്നതിനാൽ കമ്പനിക്ക് വെറുമൊരു ഇടനിലക്കാരൻ്റെ ആനുകൂല്യങ്ങൾ നൽകാനാകില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്.
ഇത്തരം സാഹചര്യങ്ങളിൽ മെറ്റയ്ക്ക് നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ നിയമത്തിൻ്റെ അന്തിമ വ്യാഖ്യാനം കോടതിയുടെ പരിധിയിൽ വരുന്ന കാര്യമാണ്. പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മെറ്റ തയ്യാറായത് സോഷ്യൽ മീഡിയ രംഗത്തെ അവരുടെ നിലപാടിൽ വന്ന വലിയൊരു മാറ്റമാണെന്നും, വരും ദിവസങ്ങളിൽ കമ്പനി കൂടുതൽ ഉത്തരവാദിത്തങ്ങൾ കാണിക്കേണ്ടി വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) നിയന്ത്രിക്കുന്ന സൈബർ ക്രൈം പോർട്ടലിലേക്ക് വിവരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ മെറ്റാ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിയമപാലകർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്ന ആദ്യത്തെ പ്രമുഖ വിദേശ ടെക് കമ്പനിയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റാ. ഇതുവരെ ഇത്തരം കേസുകൾ യുഎസ് ആസ്ഥാനമായുള്ള ‘നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ’ എന്ന സ്ഥാപനത്തിലാണ് കമ്പനി റിപ്പോർട്ട് ചെയ്തിരുന്നത്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ എന്നത് ഒരു അടിസ്ഥാന തത്വമാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ സംരക്ഷിക്കുക എന്നത് കമ്പനിയുടെ മുൻഗണനയാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മെറ്റാ വക്താവ് അറിയിച്ചു.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, ഡീപ്ഫേക്കുകൾ എന്നിവയുൾപ്പെടെയുള്ള ദോഷകരവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്കെതിരെ കേന്ദ്ര ഐടി മന്ത്രാലയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഇൻസ്റ്റാഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ വന്നതുമായി ബന്ധപ്പെട്ട് സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾക്ക് ‘സേഫ് ഹാർബർ’ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് മന്ത്രാലയം ചർച്ചകളിൽ വ്യക്തമാക്കി.
ഒരു അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് വിഷയത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി മെറ്റാ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറെയും കമ്മീഷൻ വീണ്ടും സമൺസ് അയച്ച് വിളിച്ചുവരുത്തിയിട്ടുണ്ട്.
Central Government states that Meta cannot be viewed merely as an intermediary; directive issued to report crimes against children directly to the Cyber Cell.














